ബാലികയുടെ മരണം ചികിത്സാ പിഴവ് മൂലമെന്ന് പരാതി
Mail This Article
നെടുങ്കണ്ടം ∙ കുഴിത്തൊളു സ്വദേശിയായ നാലു വയസ്സുകാരിയുടെ മരണം ചികിത്സാ പിഴവ് മൂലമാണെന്ന് കുട്ടിയുടെ മാതാപിതാക്കളും കോൺഗ്രസ് നെടുങ്കണ്ടം ബ്ലോക്ക് കമ്മിറ്റിയും ആരോപിച്ചു. പൂതക്കുഴിയിൽ വിഷ്ണുവിന്റെയും അതുല്യയുടെയും മകൾ ആദികയാണ് ജൂൺ 16ന് മരിച്ചത്. ജൂൺ 12ന് കുട്ടിക്ക് പനി ബാധിച്ചതിനെത്തുടർന്ന് ചേറ്റുകുഴി സഹകരണ ആശുപത്രിയിൽ കൊണ്ടുപോയിരുന്നു. ശിശുരോഗ വിദഗ്ധൻ ഉണ്ടെന്ന പരസ്യം കണ്ടാണ് പോയത്. എന്നാൽ ആശുപത്രിയിൽ ഡോക്ടർ ഉണ്ടായിരുന്നില്ല. ഇവിടെനിന്നുമരുന്നു വാങ്ങി വീട്ടിലേക്ക് മടങ്ങിയെങ്കിലും 14ന് പനി കൂടിയതിനെത്തുടർന്ന് കുട്ടിയെ കട്ടപ്പന സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ആദ്യ പരിശോധനയിൽ ചേറ്റുകുഴിയിൽ നിന്നു നൽകിയ മരുന്നുകൾ ഓവർ ഡോസ് ആയതാണ് പ്രശ്നമെന്ന് ഡോക്ടർമാർ പറഞ്ഞു. എന്നാൽ ചേറ്റുകുഴിയിലെ സഹകരണ ആശുപത്രി ആണെന്ന് അറിഞ്ഞതോടെ കുട്ടിക്ക് കുഴപ്പമില്ലെന്നും വീട്ടിലേക്ക് മടങ്ങാനും പറഞ്ഞു. ഇതനുസരിച്ച് ഇവർ വീട്ടിലേക്ക് മടങ്ങിയെങ്കിലും ഒരു മണിക്കൂറിനകം കുട്ടിയുടെ സ്ഥിതി ഗുരുതരമാവുകയും തുടർന്ന് കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. ഐസിയുവിലേക്ക് മാറ്റിയെങ്കിലും വൈകുന്നേരത്തോടെ മരണം സംഭവിച്ചു.
കുട്ടിയുടെ മരണം സംബന്ധിച്ച് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് പിതാവ് വിഷ്ണു എസ്പിക്കും ഡിഎംഒയ്ക്കും കലക്ടർക്കും പരാതി നൽകിയിരുന്നു. മൊഴികൾ രേഖപ്പെടുത്തിയെങ്കിലും ആന്തരിക അവയവങ്ങളുടെ രാസപരിശോധനാ ഫലം ഇതുവരെയും ലഭിച്ചിട്ടില്ല. ഭരണ സ്വാധീനം ഉപയോഗിച്ച് കേസ് തേച്ചുമായ്ച്ചുകളയാനുള്ള നീക്കമാണെന്ന് കോൺഗ്രസ് ആരോപിച്ചു.
ഡോക്ടർമാർക്കെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തണമെന്നും സ്ഥാപനത്തിനെതിരെ നടപടി സ്വീകരിക്കണമെന്നും ഇവർ ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം ആശുപത്രിക്ക് മുൻപിൽ ജനകീയ പ്രക്ഷോഭം നടത്തുമെന്നും ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് സി.എസ്.യശോധരൻ, ഡിസിസി ജന. സെക്രട്ടറി ജി.മുരളീധരൻ, മിനി പ്രിൻസ്, കെ.കെ.കുഞ്ഞുമോൻ, സുനിൽ പൂതക്കുഴിയിൽ, നടരാജപിള്ള, ആൻസി തോമസ്, ശ്യാമള മധുസൂദനൻ, കുട്ടിയുടെ മാതാപിതാക്കൾ എന്നിവർ പറഞ്ഞു.