ക്രിസ്മസ് വരവായി; മൂന്നാറിൽ 500 കിലോയുടെ കേക്ക് മിക്സിങ്
Mail This Article
മൂന്നാർ ∙ ക്രിസ്മസിനെ വരവേൽക്കാൻ 500 കിലോ കേക്ക് മിക്സിങ്ങുമായി റിസോർട്ട് ജീവനക്കാർ. മൂന്നാർ പോതമേട്ടിൽ പ്രവർത്തിക്കുന്ന പഞ്ചനക്ഷത്ര റിസോർട്ടായ ഫ്രാഗ്രന്റ് നേച്ചറിലാണ് 500 കിലോയിലധികം കേക്ക് നിർമിക്കുന്നതിനുള്ള ഉണങ്ങിയ പഴങ്ങളുടെ മിക്സിങ് നടന്നത്. 29 ഇനത്തിൽ പെട്ട 120 കിലോ ഉണങ്ങിയ പഴങ്ങളും, പഴച്ചാറുകളും ബ്രാൻഡി, റം, വൈറ്റ് വൈൻ, റെഡ് വൈൻ, മറ്റ് അനുബന്ധ സാമഗ്രികളും ചേർത്ത മിശ്രിതമാണ് കേക്ക് ഉണ്ടാക്കുന്നതിനായി തയാറാക്കിയത്.
രണ്ടു മാസത്തോളം സൂക്ഷിച്ചു വയ്ക്കുന്ന ഇവ ക്രിസ്മസ് കാലത്ത് പുറത്തെടുത്ത് കേക്കുകൾ ഉണ്ടാക്കി വിനോദ സഞ്ചാരികൾക്കു നൽകും. റിസോർട്ടിലെ ജീവനക്കാരുടെയും ജനറൽ മാനേജർ ജസ്റ്റിൻ ജോസ്, എക്സിക്യൂട്ടീവ് അലക്സ് എന്നിവരുടെയും വിദേശികളടക്കമുള്ള വിനോദ സഞ്ചാരികളുടെയും നേതൃത്വത്തിലാണ് കേക്ക് മിക്സിങ് നടന്നത്.