കല്ലാർകുട്ടി പാലത്തിൽ നടുവൊടിക്കും കുഴി
Mail This Article
അടിമാലി ∙ കല്ലാർകുട്ടി പുതിയ പാലത്തിൽ ഉണ്ടായിട്ടുള്ള കുഴികൾ ഓട്ടോറിക്ഷ, ഇരുചക്ര വാഹന യാത്രക്കാരുടെ നടുവൊടിക്കുന്നു. പാലത്തിന്റെ തൂണുകളുമായി ബന്ധിപ്പിക്കുന്ന ഗർഡറുകളുടെ ഭാഗത്തെ കോൺക്രീറ്റ് ഇളകി മാറിയതാണ് പ്രശ്നങ്ങൾ സൃഷ്ടിക്കുന്നത്. ഒരു പതിറ്റാണ്ടു മുൻപ് നിർമിച്ച പാലത്തിൽ മുൻപും കോൺക്രീറ്റ് ഇളകിയും വിള്ളൽ വീണും വാഹന ഗതാഗതം ദുഷ്കരമായി മാറിയിരുന്നു. പിന്നീട് അറ്റകുറ്റപ്പണികൾ നടത്തി തകരാറുകൾ പരിഹരിച്ചു.
ഇതിനു പിന്നാലെയാണിപ്പോൾ വീണ്ടും ഗർഡറുകളുടെ ഭാഗത്ത് കോൺക്രീറ്റ് ഇളകിമാറി കുഴികൾ ഉണ്ടായിരിക്കുന്നത്. അടുത്തെത്തുമ്പോൾ മാത്രമാണ് കുഴി കാണാൻ കഴിയുന്നത്. വേഗത്തിൽ വരുന്ന വാഹനങ്ങളാണ് കൂടുതലായി അപകടത്തിൽപെടുന്നത്. പൊതുമരാമത്തു വകുപ്പ് അടിയന്തരമായി ഇടപെട്ട് കുഴികൾ അടയ്ക്കാൻ നടപടി സ്വീകരിക്കണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്.