കുമളി- മൂന്നാർ സംസ്ഥാനപാതയിൽ അപകടം പതിവ്; കാടാണ് വില്ലൻ
Mail This Article
നെടുങ്കണ്ടം ∙ കുമളി- മൂന്നാർ സംസ്ഥാനപാതയുടെ ഇരുവശവും കാടു വളർന്നതോടെ വാഹനാപകടങ്ങൾ തുടർക്കഥയാകുന്നു. ഇന്നലെ രാവിലെ ചേമ്പളത്തിന് സമീപം കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടമാണ് അവസാനത്തേത്. തിരുവനന്തപുരത്തുനിന്നു നെടുങ്കണ്ടത്തേക്കു പോയ കെഎസ്ആർടിസി ബസും ശാന്തൻപാറയിൽ നിന്നും അണക്കരയിലേക്ക് പോയ കാറുമാണ് ചേമ്പളം പള്ളിക്ക് സമീപം കൂട്ടിയിടിച്ചത്.
അപകടത്തിൽ കെഎസ്ആർടിസി ബസിന്റെ ടയർ പൊട്ടി. കാർ ഭാഗികമായി തകർന്നെങ്കിലും യാത്രക്കാർ പരുക്കേൽക്കാതെ രക്ഷപ്പെട്ടു. ദിശാബോർഡുകൾ കാണാനാവാത്തതും വളവുകളിൽ ഡ്രൈവർമാർക്ക് ദൂരക്കാഴ്ച ലഭിക്കാത്തതുമാണ് തുടർച്ചയായ അപകടങ്ങൾക്കു കാരണം. വളവുകളിൽ ടാറിങ്ങിനോട് ചേർന്ന് വെള്ളം ഒഴുകി മണ്ണൊലിച്ചു പോയി വലിയ ഗർത്തങ്ങൾ രൂപപ്പെട്ടതും അപകട ഭീഷണിയാണ്.
ജില്ലയിലെ പ്രധാന ടൂറിസം കേന്ദ്രങ്ങളായ കുമളിയെയും മൂന്നാറിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന സംസ്ഥാനപാതയാണിത്. കൊടുംവളവുകളുള്ള വഴിയിൽ ദിശാസൂചകങ്ങൾ കാണാൻ കഴിയാത്ത അവസ്ഥയാണ്. അപകടങ്ങൾ പതിവായ മേഖലകളിൽ പോലും ക്രാഷ് ബാരിയറുകൾ സ്ഥാപിക്കാത്തതും ഭീഷണിയാണ്. വഴിയരികിലെ കാടുകൾ നീക്കി സംസ്ഥാന പാത സുരക്ഷിതമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.