പൊലീസ് സ്‌പോർട്സ് മീറ്റ്; ഓടിത്തെളിഞ്ഞ് പൊലീസ്!
Mail This Article
നെടുങ്കണ്ടം ∙ ജില്ലയിൽ ആദ്യമായി വിപുലമായ രീതിയിൽ സംഘടിപ്പിച്ച പൊലീസ് സ്‌പോർട്സ് മീറ്റ് നെടുങ്കണ്ടം പഞ്ചായത്ത് സ്റ്റേഡിയത്തിൽ നടന്നു. ഉദ്യോഗസ്ഥരുടെ കായികക്ഷമത വർധിപ്പിക്കുന്നതിനും മാനസിക ഉല്ലാസത്തിനുമായി നടത്തിയ മീറ്റിൽ ജില്ലയിലെ എല്ലാ സ്‌റ്റേഷനുകളിൽ നിന്നുമുള്ള ഉദ്യോഗസ്ഥർ പങ്കെടുത്തു. മീറ്റിന്റെ ഭാഗമായുള്ള ഫുട്ബോൾ, വോളിബോൾ, കബഡി, ക്രിക്കറ്റ് തുടങ്ങിയ ഗെയിംസ് മത്സരങ്ങൾ തൊടുപുഴയിൽ നടന്നിരുന്നു. നെടുങ്കണ്ടത്ത് അത്‌ലറ്റിക് മത്സരങ്ങളും വടംവലി, പഞ്ചഗുസ്തി മത്സരങ്ങളുമാണ് നടന്നത്.
കട്ടപ്പന, ഇടുക്കി, മൂന്നാർ, പീരുമേട്, തൊടുപുഴ എന്നീ സബ് ഡിവിഷനുകളിൽ നിന്നും എആർ ക്യാംപിൽ നിന്നുമായി 206 ഉദ്യോഗസ്ഥരാണ് മീറ്റിൽ പങ്കെടുത്തത്. മീറ്റിന് മുന്നോടിയായി വിവിധ സബ് ഡിവിഷനുകൾ പങ്കെടുത്ത മാർച്ച് പാസ്റ്റ് നടന്നു. മാർച്ച് പാസ്റ്റിന് ഇടുക്കി എസ്പി ടി.കെ.വിഷ്ണുപ്രദീപ് സല്യൂട്ട് സ്വീകരിച്ചു. ഉദ്ഘാടനത്തിൽ ഇടുക്കി ഡിവൈഎസ്പി ജിൽസൺ മാത്യു അധ്യക്ഷത വഹിച്ചു. കട്ടപ്പന എഎസ്പി രാജേഷ് കുമാർ ഐപിഎസ്, നെടുങ്കണ്ടം സിഐ ജെർലിൻ.വി.സ്‌കറിയ, നർകോട്ടിക് ഡിവൈഎസ്പി മാത്യു ജോർജ്, നെടുങ്കണ്ടം പഞ്ചായത്ത് പ്രസിഡന്റ് പ്രീമി ലാലിച്ചൻ, പഞ്ചായത്തംഗങ്ങൾ, പൊതു പ്രവർത്തകർ തുടങ്ങിയവർ പ്രസംഗിച്ചു.