സ്വകാര്യ വ്യക്തിയുടെ സ്ഥലത്തുനിന്ന് ചന്ദനമരം മോഷ്ടിച്ചു
Mail This Article
നെടുങ്കണ്ടം ∙ ദീപാവലി ദിനത്തിൽ ചന്ദന മോഷണം. രാമക്കൽമേട്-കുരുവിക്കാനം മരുതിക്കുഴിയിൽ മുഹമ്മദ് ബഷീറിന്റെ പട്ടയഭൂമിയിൽനിന്ന 47 സെന്റീമീറ്റർ വണ്ണമുള്ള ചന്ദനമരമാണ് വ്യാഴാഴ്ച രാത്രി മോഷ്ടിച്ചത്. വീട്ടിൽ ആൾ ഇല്ലാതിരുന്ന സമയമായിരുന്നു മോഷണം. മരം വെട്ടി മാറ്റിയശേഷം ഒരു മീറ്റർ നീളത്തിലുള്ള തായ്ത്തടിയാണ് മോഷ്ടിച്ചത്.
വീട്ടുടമസ്ഥർ വിവരമറിയച്ചതിനെ തുടർന്ന് കല്ലാർ ഫോറസ്റ്റ് ബീറ്റ് ഓഫിസർമാരായ പി.എസ്.നിഷാദ്, അനിലാൽ എന്നിവർ സ്ഥലത്തെത്തി പരിശോധന നടത്തി മേൽ നടപടികൾ സ്വീകരിച്ചു. സെപ്റ്റംബർ 21ന് കല്ലാറിൽ പ്രവർത്തിക്കുന്ന ചിന്നാർ ഫോറസ്റ്റ് ഓഫിസിന്റെ സമീപത്തുനിന്നും ചന്ദനമരം മോഷ്ടിക്കാൻ ശ്രമം നടന്നിരുന്നു. സമീപത്തെ വഴിയിൽ വാഹനങ്ങൾ എത്തിയതോടെ പകുതി മുറിച്ച ചന്ദന മരം ഉപേക്ഷിച്ച ശേഷം മോഷ്ടാക്കൾ കടന്നു കളയുകയായിരുന്നു.
ഒരിടവേളക്ക് ശേഷം മേഖലയിൽനിന്നു ചന്ദന മോഷണം പതിവായതോടെ കുമളി ഫോറസ്റ്റ് റേഞ്ച് ഓഫിസർ അനിൽ കുമാറിന്റെ നിർദേശപ്രകാരം രണ്ടു സംഘങ്ങളായി രാത്രികാല പരിശോധന ശക്തമാക്കുമെന്ന് ഫോറസ്റ്റ് അധികൃതർ പറഞ്ഞു. മറയൂർ കഴിഞ്ഞാൽ സ്വാഭാവികമായി കൂടുതൽ ചന്ദനമരങ്ങളുള്ളത് രാമക്കൽമേട് മേഖലയിലാണ്.