ആദ്യമായിറങ്ങിയ സംസ്ഥാന സ്കൂൾ കായികമേള; സ്വർണവും പന്തയവും ജയിച്ച് ദേവപ്രിയ
Mail This Article
കൊച്ചി∙ ഒറ്റ ദിവസത്തിനുള്ളിൽ ഇരട്ട ബംപറടിച്ച സന്തോഷമാണ് ഇടുക്കി കാൽവരിമൗണ്ട് സ്വദേശിനി ദേവപ്രിയ ഷൈബുവിന്. ആദ്യമായിറങ്ങിയ സംസ്ഥാന സ്കൂൾ കായികമേളയിൽ സ്വർണം സ്വന്തമാക്കി. ഒപ്പം ചേച്ചിയോടുള്ള പന്തയത്തിൽ വിജയിച്ച് ഒരു വാച്ചും ഉറപ്പാക്കി. സബ്ജൂനിയർ പെൺകുട്ടികളുടെ 100 മീറ്ററിലെ ദേവപ്രിയയുടെ വിജയത്തിന് പിന്നിൽ രസകരമായ ഒരു പന്തയത്തിന്റെ കഥകൂടിയുണ്ട്.
ദേവപ്രിയയെക്കാൾ നേരത്തെ അത്‌ലറ്റിക്സിലേക്കെത്തിയത് പ്രായത്തിൽ ഒരു വയസ്സിനു മുന്നിലുള്ള ദേവനന്ദ ഷൈബുവാണ്. 2022ലെ സംസ്ഥാന മീറ്റിൽ ഹൈജംപിൽ വെങ്കലം നേടിയ ദേവനന്ദയാണ് സംസ്ഥാന മെഡൽ ആദ്യമായി ഇവരുടെ വീട്ടിലേക്കെത്തിച്ചത്. ഇത്തവണ ഇടുക്കി റവന്യൂ ജില്ലാ മീറ്റിൽ ഹൈജംപിലും ലോങ്ജംപിലും ദേവനന്ദ വെള്ളി നേടിയപ്പോൾ 100, 200 മീറ്റർ മത്സരങ്ങൾ വിജയിച്ച് ദേവപ്രിയയും ആദ്യ സംസ്ഥാന സ്കൂൾ മീറ്റിന് യോഗ്യതയുറപ്പിച്ചു.
സംസ്ഥാന മീറ്റിലെ സ്വർണത്തിന്റെ പേരിൽ ഇരുവരും പന്തയം വച്ചത് അതിനുശേഷമാണ്. എറണാകുളത്ത് സ്വർണം നേടുന്നവർക്ക് രണ്ടാമത്തെയാൾ വാച്ച് വാങ്ങി നൽകണമെന്നതായിരുന്നു പന്തയം. ഇന്നലെ മത്സരശേഷം തന്റെ അടുത്ത് ഓടിയെത്തിയ ചേച്ചിയെ ഇക്കാര്യം ഓർമിപ്പിക്കാനും ദേവപ്രിയ മറന്നില്ല. അനുജത്തിയിൽ നിന്ന് മറ്റൊരു വാച്ച് സ്വന്തമാക്കാൻ ദേവനന്ദയ്ക്കും അവസരം ബാക്കിയുണ്ട്. ഇന്ന് നടക്കുന്ന ജൂനിയർ ഹൈജംപ് ഫൈനലിന് ദേവനന്ദ യോഗ്യത നേടിയിട്ടുണ്ട്. ദേവപ്രിയയ്ക്ക് 200 മീറ്റർ മത്സരം കൂടി ബാക്കിയുണ്ട്.