‘അതിരുകളില്ലാത്ത അൻപ്’: കമ്പംമെട്ട് അതിർത്തിയിൽ ആരോഗ്യപരിശോധന
Mail This Article
നെടുങ്കണ്ടം ∙ കമ്പംമെട്ട് അതിർത്തിയിൽ കേരള-തമിഴ്‌നാട് ആരോഗ്യ വകുപ്പുകൾ ചേർന്ന് ആരോഗ്യ പരിശോധന ആരംഭിച്ചു. ‘അതിരുകളില്ലാത്ത അൻപ്’ എന്ന പേരിൽ നടത്തുന്ന പരിശോധനകൾ ഇന്നും നാളെയും തുടരും.ദേശീയ ക്ഷയരോഗ നിർമാർജന (എൻടിഇപി) പദ്ധതിയുടെ ഭാഗമായി ആരംഭിച്ച പരിശോധനയിൽ ജില്ലയിലെ വിവിധ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലെ ഉദ്യോഗസ്ഥരും തേനി ജില്ലയിലെ ഗൂഡല്ലൂർ ബ്ലോക്കിനു കീഴിലെ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുത്തു.
തമിഴ്‌നാട്ടിൽ നിന്നു ദിനംപ്രതി ജില്ലയിലെത്തുന്ന തോട്ടം തൊഴിലാളികളെയാണു പരിശോധിക്കുന്നത്. രാവിലെ 6 മുതൽ 8 വരെയും വൈകിട്ട് 3 മുതൽ 6 വരെയും കരുണാപുരം പഞ്ചായത്തിന്റെ കമ്പംമെട്ട് കമ്യൂണിറ്റി ഹാളിലാണു പരിശോധന. ക്ഷയരോഗ നിർണയ കഫപരിശോധന, ജീവിതശൈലീ രോഗനിർണയം, പകർച്ചവ്യാധി പ്രതിരോധ പരിശോധന എന്നിവയാണു നടത്തുന്നത്.
ആദ്യദിനമായ ഇന്നലെ ആയിരത്തി അഞ്ഞൂറോളം തൊഴിലാളികളെ പരിശോധിച്ചു. പരിശോധന പൂർത്തിയാക്കിയ തൊഴിലാളികൾക്ക് കാർഡും വാഹനങ്ങൾക്കു സ്റ്റിക്കറും നൽകി. രോഗം നിർണയിക്കപ്പെടുന്നവർക്ക് ഇരുസംസ്ഥാനങ്ങളിലെയും ആരോഗ്യ വകുപ്പുകൾ ചേർന്നു തുടർച്ചികിത്സ നൽകും.
പരിശോധനകൾക്കു ജില്ലാ ടിബി ഓഫിസർ ഡോ. ആശിഷ് മോഹൻകുമാർ, തേനി ജില്ലാ ടിബി ഓഫിസർ ഡോ.രാജപ്രകാശ്, വണ്ടൻമേട് ടിബി യൂണിറ്റ് മെഡിക്കൽ ഓഫിസർ ഡോ. സാറ എന്നിവർ നേതൃത്വം നൽകി. ജില്ലാ ടിബി സെന്റർ ജീവനക്കാർ, ജില്ലാ എയ്ഡ്സ് കൺട്രോൾ ജീവനക്കാർ, കരുണാപുരം, കെപി കോളനി, പാമ്പാടുംപാറ, ഉടുമ്പൻചോല കുടുംബാരോഗ്യ കേന്ദ്രങ്ങളിലെ ജീവനക്കാർ, തേനി മൊബൈൽ മെഡിക്കൽ യൂണിറ്റിലെ ജീവനക്കാർ ആശാ വർക്കർമാർ എന്നിവർ പങ്കെടുത്തു.