പൊതുശുചിമുറി മൂന്നാറിൽ ഒന്നു മാത്രം; പരിപാലനമില്ലാത്തതിനാൽ ശങ്ക തീർക്കാനിടമില്ല
Mail This Article
മൂന്നാർ ∙ ടൗണിൽ അടഞ്ഞുകിടന്ന ശുചിമുറി കെട്ടിടങ്ങളിലൊന്നു തുറന്നു. വെള്ളമില്ലാത്തതിനാൽ അടച്ചിട്ടിരുന്ന, ടാക്സി സ്റ്റാൻഡിനു സമീപമുള്ള ശുചിമുറി കെട്ടിടമാണു തുറന്നത്. വിനോദ സഞ്ചാര കേന്ദ്രമായ മൂന്നാറിലെ ശുചിമുറികൾ മാസങ്ങളായി അടഞ്ഞുകിടക്കുന്നതു കാരണം വിനോദ സഞ്ചാരികളും വ്യാപാരികളും മറ്റും ദുരിതമനുഭവിക്കുന്നതു സംബന്ധിച്ചു മനോരമ കഴിഞ്ഞ ദിവസം വാർത്ത നൽകിയിരുന്നു. വാർത്ത ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് പഞ്ചായത്തധികൃതർ ഇടപെട്ടതോടെയാണ് ശുചിമുറികൾ കരാറെടുത്തയാൾ പകരം സംവിധാനമേർപ്പെടുത്തി വെള്ളമെത്തിച്ചു പ്രവർത്തനമാരംഭിച്ചത്.
ചർച്ചിൽ പാലത്തിനു സമീപമുള്ളത് തുറക്കാൻ വൈകും
ടൗണിൽ ചർച്ചിൽ പാലത്തിനു സമീപമുള്ള ശുചിമുറികൾ തുറക്കുന്നത് കാലതാമസമെടുക്കുമെന്നു പഞ്ചായത്ത് സെക്രട്ടറി പറഞ്ഞു. മാലിന്യ സംഭരണി നിറഞ്ഞ് അവശിഷ്ടങ്ങൾ മുതിരപുഴയിലേക്ക് ഒഴുക്കിയതിനെ തുടർന്ന് മലിനീകരണ വകുപ്പ് ഉദ്യോഗസ്ഥരുടെ നിർദേശപ്രകാരമാണു ശുചിമുറികൾ നാലു മാസം മുൻപ് പൂട്ടിയത്. ആധുനിക രീതിയിലുള്ള പുതിയ മാലിന്യ സംഭരണി പണിത ശേഷം മാത്രമേ ശുചിമുറികൾ തുറക്കാൻ കഴിയുകയുള്ളുവെന്നും സെക്രട്ടറി പറഞ്ഞു.
മോഡുലർ ശുചിമുറികൾ അടഞ്ഞുകിടക്കുന്നു
പഞ്ചായത്ത് ലക്ഷങ്ങൾ ചെലവഴിച്ചു നിർമിച്ച രണ്ട് മോഡുലർ ശുചിമുറികൾ ഒരു വർഷത്തിലധികമായി പൂട്ടി കിടക്കുന്നു. പെരിയവരകവല, ആർഒ കവല എന്നിവിടങ്ങളിലാണ് ശുചിമുറികൾ തുറന്നു പ്രവർത്തിക്കാതെ മാസങ്ങളായി അടഞ്ഞു കിടക്കുന്നത്. 2023 ഓഗസ്റ്റിലാണ് ടൗണിൽ നാലിടങ്ങളിലായി രണ്ടു ലക്ഷം രൂപ വീതം ചെലവിട്ട് ആധുനിക സൗകര്യങ്ങളോടുകൂടിയുള്ള മോഡുലർ ശുചിമുറികൾ നിർമിച്ചത്. പൊതു വെളിയിട മലമൂത്ര വിസർജനം ഇല്ലാതാക്കി വിനോദ സഞ്ചാരികൾക്കും നാട്ടുകാർക്കും സൗജന്യമായി ഉപയോഗിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇവ നിർമിച്ചത്. ശുചിമുറികൾ പരിപാലിക്കുന്നവർക്ക് സമീപത്തായി ചെറുകിട കച്ചവടം നടത്തുന്നതിനുള്ള സൗകര്യത്തോടെയാണ് ഇവ നിർമിച്ചത്. പോസ്റ്റോഫിസ് കവല, മാട്ടുപ്പെട്ടി റോഡ് എന്നിവിടങ്ങളിൽ നിർമിച്ച ശുചിമുറികൾ തുറന്നു പ്രവർത്തിച്ചെങ്കിലും മറ്റു രണ്ടും ശുദ്ധജലമില്ലെന്ന കാരണത്താൽ ഒരു വർഷം കഴിഞ്ഞിട്ടും പ്രവർത്തനമാരംഭിച്ചില്ല.