മറയൂർ ശർക്കര: സഹായഹസ്തവുമായി മറയൂർ സഹകരണ ബാങ്ക്; കർഷകന് കൈത്താങ്ങാകാൻ ഫാക്ടറി
Mail This Article
മറയൂർ ∙ ഭൗമസൂചിക പദവി നേടി പ്രശസ്തമായ മറയൂർ ശർക്കര അന്യം നിന്നുപോകുന്ന സാഹചര്യത്തിൽ കർഷകർക്ക് നല്ല വില ലഭിക്കാനും വിപണിയിൽനിന്ന് വ്യാജ ശർക്കരയെ അകറ്റാനും മറയൂർ സഹകരണ ബാങ്കിന്റെ ഫാക്ടറി ഒരുങ്ങുന്നു. കരിമ്പ് കൊണ്ടുള്ള ഉൽപന്നങ്ങൾ ഉൽപാദിപ്പിക്കാനുള്ള ഫാക്ടറി ഉടൻ പ്രവർത്തനം തുടങ്ങും. നിർമാണ ജോലികൾ പൂർത്തിയായി വരികയാണ്. ആധുനിക യന്ത്രസാമഗ്രികൾ എത്തിക്കഴിഞ്ഞു. ഇനി ട്രയൽ റൺ നടത്തിയാൽ ഫാക്ടറി പൂർണ സജ്ജമാകുമെന്ന് ബാങ്ക് പ്രസിഡന്റ് ആൻസി ആന്റണി, സെക്രട്ടറി ജോർജ് കുഞ്ഞപ്പൻ എന്നിവർ പറഞ്ഞു.
മറയൂരിൽ 1500 ഏക്കറിൽ കൂടുതൽ കരിമ്പുകൃഷി ഉണ്ടായിരുന്നെങ്കിലും ഇപ്പോൾ 300 ഏക്കറിൽ താഴെയായി കുറഞ്ഞു. കരിമ്പ് കൃഷി ചെയ്യുമ്പോൾ ഉണ്ടാകുന്ന അമിതച്ചെലവും മറയൂർ ശർക്കരയുടെ പേരിൽ വ്യാജൻ എത്തിച്ച് വിപണനം നടത്തുന്നതും കർഷകർക്കു തിരിച്ചടിയായിരുന്നു. ഇതെത്തുടർന്ന് ഒട്ടേറെ കർഷകരാണ് മറ്റു കൃഷികളിലേക്കു മാറിയത്. എന്നാൽ, മറയൂർ മേഖലയിലെ കർഷകരിൽനിന്ന് കരിമ്പ് ശേഖരിച്ച് ഇതിൽ നിന്നു വിവിധതരം ശർക്കര ഉണ്ടകൾ, ജൂസ്, മിഠായികൾ, ചോക്ലേറ്റുകൾ, ശർക്കര വരട്ടി എന്നിങ്ങനെ വിവിധ ഉൽപന്നങ്ങൾ തയാറാക്കി വിപണിയിൽ എത്തിക്കാനാണ് സഹകരണ ബാങ്ക് ഫാക്ടറി ആരംഭിക്കുന്നത്. ഫാക്ടറി പ്രവർത്തനം തുടങ്ങുന്നതോടെ, കർഷകരിൽ നിന്നു നല്ല വിലയ്ക്ക് കരിമ്പ് വാങ്ങുമ്പോൾ കരിമ്പുകൃഷിയിലേക്ക് കർഷകർ തിരിച്ചുവരുമെന്നാണ് പ്രതീക്ഷ. രണ്ടരക്കോടി രൂപയാണ് പദ്ധതിയുടെ ചെലവ്.ഫാക്ടറിയിൽ നിർമിക്കുന്ന ശർക്കരയുടെ പാക്കറ്റിൽ കരിമ്പ് കർഷകന്റെ പേരും മേൽവിലാസവും ഫോൺ നമ്പറും ഉൾപ്പെടുത്തിയാണ് വിപണിയിൽ എത്തിക്കുന്നത്. ഇതുവഴി, വ്യാജനും യഥാർഥ മറയൂർ ശർക്കരയും തിരിച്ചറിയാൻ കഴിയും.