45 രാജ്യങ്ങൾ ചുറ്റി ദമ്പതികൾ മൂന്നാറിൽ; 5 വർഷം നീളുന്ന ലോകസഞ്ചാരം സ്വന്തമായി രൂപകൽപന ചെയ്ത വാഹനത്തിൽ
Mail This Article
മൂന്നാർ∙ അഞ്ചു വർഷം നീളുന്ന ലോകസഞ്ചാരത്തിനിടെ സ്വന്തമായി രൂപകൽപന ചെയ്ത വാഹനത്തിൽ ഇറ്റലി സ്വദേശികളായ ദമ്പതികൾ മൂന്നാറിലുമെത്തി. ഇറ്റലിയിലെ നോർത്ത് വെനീസിൽ നിന്നുള്ള ഡോ.ആൻഡ്രിയ ഫാഗ്ലൻ (59), ഭാര്യ പിദരിക്ക (53) എന്നിവരാണ് ഒരു ദിവസത്തെ സന്ദർശനത്തിന് മൂന്നാറിലെത്തിയത്. സ്വകാര്യ ആശുപത്രിയിലെ സർജനായ ആൻഡ്രിയയും പ്രോപ്പർട്ടി മാനേജരായ പിദരിക്കയും 2021 മാർച്ച് 30നാണ് സ്വദേശത്തു നിന്നു ലോകസഞ്ചാരമാരംഭിച്ചത്.
കിടപ്പുമുറി, അടുക്കള, ശുചിമുറി, സോളർ വൈദ്യുതി എന്നീ സൗകര്യങ്ങളോടുകൂടി സ്വയം രൂപകൽപന ചെയ്ത വാനിലാണ് ഇരുവരും സഞ്ചരിക്കുന്നത്. അതതു സ്ഥലത്തെ വിഭവങ്ങൾ ശേഖരിച്ച് സ്വന്തമായി പാചകം ചെയ്താണ് ഭക്ഷണം. ഓരോ സ്ഥലത്തും സുരക്ഷിതമായ പൊലീസ് സ്‌റ്റേഷൻ ഉൾപ്പെടെയുളള കേന്ദ്രങ്ങൾക്കു സമീപമാണ് വാഹനംപാർക്ക് ചെയ്ത് ഉറങ്ങുന്നത്.മൂന്നു വർഷത്തിനിടയിൽ 45 രാജ്യങ്ങൾ സന്ദർശിച്ചു.
കഴിഞ്ഞ ഓഗസ്റ്റിലാണ് ദമ്പതികൾ ഇന്ത്യയിലെത്തിയത്. ഡിസംബർ ആദ്യവാരം മുംബൈയിൽ നിന്ന് ആഫ്രിക്കൻ രാജ്യങ്ങൾ സന്ദർശിക്കാനായി മടങ്ങുന്ന ദമ്പതികൾ വാഹനം കപ്പലിൽ കെനിയയിലെത്തിക്കും. ഇരുവരും വിമാനത്തിൽ കെനിയയിലെത്തി വാഹനം ഏറ്റുവാങ്ങി യാത്ര തുടരും. 2026 ഡിസംബർ 31 ന് ലോക സഞ്ചാരം പൂർത്തിയാകുമെന്ന് ദമ്പതികൾ പറഞ്ഞു. മൂന്ന് മക്കളാണ് ദമ്പതികൾക്ക്. മൂവരും ഇറ്റലിയിലാണ്.