കെഎസ്ആർടിസി ബസുകൾ ‘ബെല്ലും ബ്രേക്കു’മില്ലാതെ...
Mail This Article
തൊടുപുഴ ∙ ജില്ലയിൽ സർവീസ് നടത്തുന്ന കെഎസ്ആർടിസി ബസുകളിലേറെയും ഓടിപ്പഴകിയതും മല കയറുമ്പോൾ കിതയ്ക്കുന്നവയും. പഴക്കം ചെന്ന ബസുകൾ ഹൈറേഞ്ച് റൂട്ടിൽ സർവീസിന് അയയ്ക്കരുതെന്ന നിയമം മുറുകെപ്പിടിച്ചാൽ ജില്ലയിൽ ഇപ്പോൾ ഓടുന്നതിൽ പകുതിയിലേറെ ബസുകളും പിൻവലിക്കേണ്ടിവരും. കാലഹരണപ്പെട്ട ബസുകൾ കെഎസ്ആർടിസിയിൽ കൂടിയതോടെ പഴഞ്ചൻ ബസിൽ കയറാതെ സ്വകാര്യ ബസിനെ ആശ്രയിക്കുന്ന യാത്രക്കാരുടെ എണ്ണം കൂടി.
ജില്ലയിലെ 231 ബസുകളിൽ ഏറെയും കാലപ്പഴക്കം ചെന്നവയാണ്. ജില്ലയിലെ 29 ബസുകളും 4 വർക്‌ഷോപ് ബസുകളും 15 വർഷം കഴിഞ്ഞവയാണ്. ഇവയുടെ കാലാവധി കഴിഞ്ഞതിനെ തുടർന്നു കണ്ടം ചെയ്യേണ്ടവയായിരുന്നു. എന്നാൽ, കേന്ദ്രം ഒരുവർഷം കൂടി കാലാവധി നീട്ടി നൽകിയതിനാലാണ് ഇവ ഇപ്പോഴും നിരത്തുകളിലൂടെ ഓടുന്നത്.
ഹൈറേഞ്ചിൽ നല്ല കണ്ടിഷനുള്ള ബസുകൾ സർവീസ് നടത്തണമെന്നാണു നിയമം. എന്നാൽ പഴയ വണ്ടികളാണ് മിക്കയിടങ്ങളിലും സർവീസ് നടത്തുന്നത്. മൂലമറ്റം–വാഗമൺ റൂട്ടിൽ സർവീസ് നടത്തുന്ന കട്ട് ചേസ് ബസുകൾ ഏറെ പഴക്കമുള്ളവയാണ്. ചെങ്കുത്തായ റോഡിലൂടെ ഏറെ പണിപ്പെട്ടാണ് ഇവ സർവീസ് നടത്തുന്നത്. സ്വകാര്യ ബസുകൾക്ക് ഈ റൂട്ടിൽ അനുമതിയില്ലാത്തതിനാൽ യാത്രക്കാരും വലയുകയാണ്.
കുമളിയിൽ സ്പെയർപാർട്സ് ക്ഷാമം
ജില്ലയിൽ നിന്ന് ഏറ്റവുമധികം വാഹനങ്ങൾ ശബരിമലയ്ക്കു സർവീസ് നടത്തുന്നതു കുമളിയിൽ നിന്നാണ്. സ്‌പെയർ പാർട്സുകളുടെ ക്ഷാമം ഇവിടെയുണ്ട്. ബ്രേക്ക് സംവിധാനത്തിനു തകരാറു പറ്റിയാൽ പരിഹരിക്കാൻ കുമളിയിൽ സംവിധാനമില്ല. ശബരിമല സീസൺ ആരംഭിച്ചതോടെ 17 ബസുകളാണ് ഇവിടെ പമ്പ സർവീസിനായി മറ്റു ഡിപ്പോകളിൽ നിന്നു എത്തിയിരിക്കുന്നത്. നിലവിൽ ഡിപ്പോയിലെ 50 ബസുകൾക്ക് ആവശ്യമായ സ്‌പെയർ പാർട്സുകൾ പോലും ഇല്ലാത്തപ്പോഴാണു കൂടുതൽ ബസുകൾ ഇവിടേക്ക് എത്തിച്ചിരിക്കുന്നത്. ബെല്ലും ബ്രേക്കുമില്ലാതെയാണ് ജില്ലയിൽ കെഎസ്ആർടിസി സർവീസ് നടത്തുന്നതെന്നാണ് ജീവനക്കാർ തന്നെ പറയുന്നത്.