കെഎസ്ആർടിസി ബസിന്റെ ചില്ല് ഇളകി; ട്രിപ് അവസാനിപ്പിച്ച് യാത്രക്കാരെ മറ്റു ബസുകളിൽ കയറ്റിവിട്ടു
Mail This Article
തൊടുപുഴ ∙ തൊടുപുഴയിൽനിന്ന് കോട്ടയത്തിനു പോയ കെഎസ്ആർടിസി ബസിന്റെ മുന്നിലെ ചില്ല് ഇളകി നിലംപതിക്കുമെന്ന സ്ഥിതി ആയപ്പോൾ ഏറ്റുമാനൂരിൽ ട്രിപ് അവസാനിപ്പിച്ച് യാത്രക്കാരെ ഇറക്കിവിട്ടു. ഇന്നലെ ഉച്ചകഴിഞ്ഞ് 3ന് തൊടുപുഴയിൽനിന്ന് പോയ ബസാണ് ഇടയ്ക്ക് ട്രിപ് അവസാനിപ്പിച്ച് യാത്രക്കാരെ മറ്റു ബസുകളിൽ കയറ്റിവിട്ടത്. ബസിന്റെ ചില്ല് ഘടിപ്പിച്ചിരുന്ന ബീഡിങ് ഇളകി ചില്ല് താഴേക്ക് ചാടുമെന്ന നിലയിലായി. ഇതോടെയാണ് ഡ്രൈവർ ബസ് ഇനി മുന്നോട്ടു കൊണ്ടു പോകാനാവില്ലെന്നു പറഞ്ഞ് ഏറ്റുമാനൂർ സ്റ്റാൻഡിൽ ബസ് നിർത്തിയിട്ടത്.
പാലാ ഡിപ്പോയിലെ ബസാണിത്. ഇപ്പോൾ പല പ്രധാന റൂട്ടുകളിലും ഓടുന്ന ബസുകൾ കാലപ്പഴക്കം ചെന്നതും ശരിയായി അറ്റകുറ്റപ്പണികൾ നടത്താത്തവയുമാണെന്ന പരാതി ശക്തമാണ്. പല ഡിപ്പോയിലുമുള്ള നല്ല ബസുകൾ മറ്റ് ഡിപ്പോകളിലേക്ക് സ്പെഷൽ ട്രിപ്പിന് അയച്ചിട്ട് പഴഞ്ചൻ ബസുകളാണ് പല റൂട്ടിലും ഓടിക്കുന്നതെന്ന പരാതി വ്യാപകമാണ്. പുതിയ ബസുകൾ ഏതാനും വർഷങ്ങളായി കെഎസ്ആർടിസി നിരത്തിലിറക്കുന്നില്ല.