മണ്ഡലകാലം: പരിശോധന കർശനമാക്കി ഭക്ഷ്യസുരക്ഷാവകുപ്പ്
Mail This Article
തൊടുപുഴ ∙ മണ്ഡല കാലത്തോടനുബന്ധിച്ചു ജില്ലയിൽ ഭക്ഷ്യസുരക്ഷാവകുപ്പ് പരിശോധനകൾ കർശനമാക്കി. ശബരിമല തീർഥാടകർ കൂടുതലായി എത്തുന്ന സ്ഥലങ്ങളിലെ ബേക്കറികൾ, ഹോട്ടലുകൾ, ചിപ്സ് കടകൾ ഉൾപ്പെടെയുള്ള ഭക്ഷണശാലകൾ കേന്ദ്രീകരിച്ചാണു പരിശോധന. 2 ദിവസങ്ങളിലായി കുമളി, വണ്ടിപ്പെരിയാർ, കുട്ടിക്കാനം മേഖലകളിലെ 35 കടകളിൽ പരിശോധന നടത്തി. ഇതിൽ ചിപ്സ് തയാറാക്കി നൽകുന്ന 6 കടകളിൽ നിന്നു ഉപയോഗശൂന്യമായ എണ്ണ പിടികൂടി നശിപ്പിച്ചു. മൊബൈൽ ലാബിന്റെ സഹായത്തോടെയായിരുന്നു പരിശോധന.
ഏഴു കടകൾക്ക് പിഴ അടയ്ക്കാൻ നോട്ടിസ് നൽകി. ഭക്ഷ്യസുരക്ഷാ ലൈസൻസ്/റജിസ്ട്രേഷൻ ഇല്ലാത്ത കടകൾക്കും വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിച്ച സ്ഥാപനങ്ങൾക്കുമാണു പിഴ ചുമത്തിയത്. 8 സ്ഥാപനങ്ങൾക്കു ന്യൂനതകൾ പരിഹരിക്കാൻ നിർദേശം നൽകി. പീരുമേട് സർക്കിൾ ഫുഡ് സേഫ്റ്റി ഓഫിസർ ഡോ.എം.മിഥുന്റെ നേതൃത്വത്തിൽ 2 സ്ക്വാഡുകളാണു പകലും രാത്രിയുമായി പരിശോധന നടത്തിയത്. ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം ഉറപ്പാക്കാൻ വരും ദിവസങ്ങളിലും ജില്ലയിൽ പരിശോധന ശക്തമായി തുടരാനാണു ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ തീരുമാനം.
ഭക്ഷ്യസുരക്ഷ, റവന്യു, ലീഗൽ മെട്രോളജി, ആരോഗ്യവകുപ്പ് എന്നിവയുടെ സംയുക്ത സ്ക്വാഡുകളും പരിശോധന ആരംഭിച്ചിട്ടുണ്ട്. മണ്ഡല–മകരവിളക്ക് സീസണിൽ ശബരിമല തീർഥാടകരെ ലക്ഷ്യമിട്ട് ഒട്ടേറെ താൽക്കാലിക കടകളാണു കുമളി, വണ്ടിപ്പെരിയാർ തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കുന്നത്. ചിപ്സ്, ഹൽവ, സുഗന്ധവ്യഞ്ജനങ്ങൾ എന്നിവയാണു പ്രധാനമായും വിൽപനയ്ക്കുള്ളത്. മതിയായ മാനദണ്ഡങ്ങൾ പാലിക്കാതെയാണ് ഇവയിൽ പലതും പ്രവർത്തിക്കുന്നതെന്നും ആക്ഷേപമുണ്ട്.