അടിമാലി ഫെസ്റ്റ് വീണ്ടും വരുന്നു; 25 മുതൽ 31 വരെ നടത്താൻ തീരുമാനം
Mail This Article
അടിമാലി ∙ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ അടിമാലി ഫെസ്റ്റ് പുനരാരംഭിക്കാൻ തീരുമാനം. ഡിസംബർ 25 മുതൽ 31 വരെ ഫെസ്റ്റ് നടത്താനാണ് ആലോചനായോഗത്തിൽ തീരുമാനമായത്. 1992ൽ ആണ് അടിമാലി ഫെസ്റ്റിന് തുടക്കമായത്. മുടക്കം കൂടാതെ 2016 വരെ ഫെസ്റ്റ് നടന്നു. പിന്നീട് വിവിധ കാരണങ്ങളാൽ ഫെസ്റ്റ് മുടങ്ങുകയായിരുന്നു. കാർഷിക മേളയായിരുന്നു ഫെസ്റ്റിലെ പ്രധാന ആകർഷകം. കർഷകർ ഉൽപാദിപ്പിക്കുന്ന വിളകൾ മത്സര സ്വഭാവത്തിൽ പ്രദർശനത്തിന് എത്തിയതോടെ കാർഷിക മേഖലയുടെ പുത്തൻ ഉണർവിനു ഫെസ്റ്റ് കളമൊരുക്കിയിരുന്നു. ഇതോടൊപ്പം വിനോദത്തിനും വിജ്ഞാനത്തിനും ഫെസ്റ്റ് പരിഗണന നൽകിയിരുന്നു.
അടിമാലി ടൗൺ ഹാളിൽ 28ന് 3ന് സ്വാഗത സംഘ രൂപീകരണ യോഗം നടക്കും. ആലോചനാ യോഗം എ.രാജ എംഎൽഎ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് സൗമ്യ അനിൽ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സോമൻ ചെല്ലപ്പൻ, സ്ഥിരസമിതി അധ്യക്ഷൻ കോയ അമ്പാട്ട്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനസ് ഇബ്രാഹിം, ബാബു പി.കുര്യാക്കോസ്, കെ.കൃഷ്ണമൂർത്തി, കെ.എസ്.സിയാദ്, സി.ഡി.ഷാജി, രേഖ രാധാകൃഷ്ണൻ, സനിത സജി എന്നിവർ പ്രസംഗിച്ചു.