വാർധക്യത്തിൽ വടികുത്തി; ഇല്ലിപ്പാലം ചപ്പാത്ത് ഇനിയും വീഴാത്ത പാലമേ...
Mail This Article
രാജകുമാരി ∙ ബിഎംബിസി നിലവാരത്തിൽ റോഡ് നിർമിച്ചെങ്കിലും ഈ റോഡിലെ 3 പതിറ്റാണ്ട് പഴക്കമുള്ള പാലം പുനർനിർമിക്കാൻ നടപടിയില്ല. 10 കോടി രൂപ മുടക്കി നിർമിച്ച മുരിക്കുംതൊട്ടി -ഉടുമ്പൻചോല റോഡിലാണ് സേനാപതി, രാജകുമാരി പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിച്ചുകൊണ്ട് പന്നിയാർ പുഴയ്ക്ക് കുറുകെ നിർമിച്ച ഇല്ലിപ്പാലം ചപ്പാത്ത് സ്ഥിതിചെയ്യുന്നത്. 8.700 കിലോമീറ്റർ ദൈർഘ്യമുള്ള ഈ റോഡ് പൊതുമരാമത്ത് വകുപ്പ് ഏറ്റെടുക്കുന്നതിനു മുൻപു തന്നെ ഇവിടെ നിർമിച്ച പാലമാണിത്.
കാലപ്പഴക്കത്താൽ അപകടാവസ്ഥയിലായ ഈ പാലത്തിലൂടെയാണ് ഒട്ടേറെ സ്കൂൾ ബസുകളും മറ്റു വാഹനങ്ങളും കടന്നുപോകുന്നത്. കഴിഞ്ഞ ദിവസവും ഇവിടെ ഒരു സ്കൂൾ ബസ് നിയന്ത്രണം വിട്ട് അപകടത്തിൽപെടുന്ന സാഹചര്യമുണ്ടായി എന്നാണ് നാട്ടുകാർ പറയുന്നത്. മഴ ശക്തമാകുമ്പോൾ പന്നിയാർ പുഴയിലെ വെള്ളം പാലത്തിലൂടെ കയറി ഒഴുകാറുണ്ട്. ഈ സമയങ്ങളിൽ ഇതുവഴിയുള്ള ഗതാഗതം നിരോധിക്കും.
നവംബർ 5നും ഇത്തരത്തിൽ ഗതാഗതം നിരോധിച്ചിരുന്നു. മലവെള്ളപ്പാച്ചിലിൽ ഒഴുകിയെത്തുന്ന തടിക്കഷണങ്ങളും ചപ്പുചവറുകളും തൂണുകളിൽ തങ്ങിയിരിക്കുന്നതും പാലത്തിന്റെ ബലക്ഷയത്തിനു കാരണമായി. പാലം ബലപ്പെടുത്തുന്നതിനും തകർന്നുപോയ കൈവരികൾ പുനഃസ്ഥാപിക്കുന്നതിനും 4 ലക്ഷം രൂപ പൊതുമരാമത്ത് വകുപ്പ് അനുവദിച്ചിരുന്നു. എന്നാൽ കാലപ്പഴക്കത്താൽ അപകടാവസ്ഥയിലായ പാലം പുനർനിർമിക്കുന്നതിന് പകരം താൽക്കാലിക പ്രശ്നപരിഹാരത്തിനാണ് അധികൃതരുടെ ശ്രമമെന്നാണ് നാട്ടുകാരുടെ ആക്ഷേപം.
ഇവിടെ പുതിയ പാലം നിർമിക്കുന്നതിനായി പൊതുമരാമത്ത് ബ്രിജസ് വിഭാഗം ബോർഹോൾ പരിശോധന ഉൾപ്പെടെ പൂർത്തിയാക്കിയിരുന്നു. പാലം നിർമാണത്തിന് ബജറ്റിൽ തുക പ്രഖ്യാപിച്ചെങ്കിലും ഇതുവരെ ഭരണാനുമതി ലഭിച്ചിട്ടില്ല. ധനവകുപ്പിന്റെ എതിർപ്പ് കാരണമാണ് ഭരണാനുമതി വൈകുന്നത് എന്നാണ് ആക്ഷേപം.
ഓരോ മഴക്കാലത്തും ആശങ്കയോടെയാണ് ഇവിടെയുള്ള നാട്ടുകാർ കഴിയുന്നത്. വാഹനങ്ങൾ പാലത്തിലൂടെ സഞ്ചരിക്കുമ്പോൾ ഇവരുടെ നെഞ്ചിൽ തീയാണ്. ഉടുമ്പൻചോല-മുരിക്കുംതൊട്ടി റോഡിന്റെ നിർമാണം പൂർത്തിയായതോടെ വിനോദസഞ്ചാരികളുടേതുൾപ്പെടെ ഒട്ടേറെ വാഹനങ്ങളാണ് ഇതുവഴി ദിവസവും സഞ്ചരിക്കുന്നത്.