സ്വർണം പണയം വച്ചും ലോൺ എടുത്തും എത്രകാലം ചികിത്സിക്കും? സഹായം തേടി 31കാരൻ രാഹുൽ
Mail This Article
തൊടുപുഴ ∙ രാഹുലിനു 31 വയസ്സ് മാത്രമാണ് പ്രായം. ഒരു കുടുംബത്തിന്റെ പ്രതീക്ഷയായ രാഹുലിന്റെ ജീവിതം ഇപ്പോൾ കിടക്കയിലും വീൽചെയറിലുമാണ്. സുമനസ്സുകൾ കനിഞ്ഞാൽ രാഹുലിനെ ജീവിതത്തിലേക്കു തിരികെ കൊണ്ടുവരാനാകും. അതിനു സഹായം അഭ്യർഥിക്കുകയാണ് കുടുംബം. സ്ട്രോക്ക് മൂലം ശരീരത്തിന്റെ ഇടതുവശം തളർന്നുപോയ ഇടവെട്ടി നെടുമ്പുറത്ത് രാഹുൽരാജ് ആണ് ചികിത്സാ സഹായം തേടുന്നത്.
കഴിഞ്ഞ വർഷം ജൂലൈ 23 ന് രാത്രിയിലായിരുന്നു സംഭവം. ഉറക്കത്തിൽ നിന്ന് ഇടയ്ക്ക് എണീറ്റപ്പോൾ ഇടതുകാൽ നിലത്തു ചവിട്ടാൻ സാധിക്കാതെ വരികയും പെട്ടെന്ന് കുഴഞ്ഞു വീഴുകയുമായിരുന്നു. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച രാഹുലിനെ അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയനാക്കി. തുടർന്ന്, 20 ദിവസം ട്രോമാ കെയറിലായിരുന്നു. അതിനുശേഷമാണ് കണ്ണു തുറന്നതും വിളി കേൾക്കാൻ തുടങ്ങിയതും.
ഒരു മാസത്തെ ചികിത്സയ്ക്കു ശേഷം ഡിസ്ചാർജ് ആയി. പൂർണമായും കിടപ്പിലായിരുന്ന രാഹുൽ ഫിസിയോ തെറപ്പിയിലൂടെ പതിയെ വീൽചെയറിൽ ഇരിക്കാനും ഒരാളുടെ സഹായത്തോടെ എണീറ്റു നിൽക്കാനും സാധിക്കുന്ന നിലയിലായി. ഇനി വൈകാതെ ഒരു ശസ്ത്രക്രിയ കൂടി ചെയ്യണം. അപസ്മാരം വരാൻ സാധ്യതയുള്ളതിനാൽ ഏറെ ശ്രദ്ധിക്കണം. മരുന്നുകൾ മുടങ്ങരുത്. ദിവസവും ഫിസിയോ തെറപ്പിയും ചെയ്യണം.
ഇതിനകം നാലുലക്ഷത്തോളം രൂപ ചെലവായി. രാഹുലിന് സ്വന്തമായി വീടില്ല. ഇടവെട്ടിയിൽ വാടകയ്ക്കാണ് താമസം. വീടിനു വേണ്ടി കരുതിവച്ച പണവും സ്വർണം പണയം വച്ചും ബാങ്കിൽ നിന്നു ലോൺ എടുത്തുമൊക്കെയാണ് ഇതുവരെയുള്ള ചികിത്സ മുടക്കമില്ലാതെ നടത്തിയത്. അച്ഛൻ രാജപ്പനും അമ്മ മായയും അനിയൻ രോഹിത്തുമടങ്ങുന്ന രാഹുലിന്റെ കുടുംബം നിലവിൽ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. രാഹുലിന്റെ ചികിത്സ എങ്ങനെ മുന്നോട്ടു കൊണ്ടുപോകുമെന്നറിയാതെ വിഷമിക്കുകയാണ് ഇവർ. സുമനസ്സുകളുടെ സഹായം മാത്രമാണ് ആകെയുള്ള പ്രതീക്ഷ. രാഹുലിന്റെ അമ്മ മായയുടെ പേരിൽ ഫെഡറൽ ബാങ്ക് വഴിത്തല ശാഖയിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്. അക്കൗണ്ട് നമ്പർ: 10550100104951. ഐഎഫ്എസ്‌സി കോഡ്: FDRL0001055.