കൊരങ്ങാട്ടിയിൽ ഇനിയും പാടം പൂക്കും; കൊരങ്ങാട്ടി പാടശേഖരത്തിൽ നെൽക്കൃഷിക്ക് ഒരുക്കം
Mail This Article
അടിമാലി ∙ കൊരങ്ങാട്ടി പാടശേഖരത്തിന് പുതുജീവൻ നൽകാൻ ജലവിഭവ വകുപ്പ് 1.98 കോടിയുടെ ജലസേചന പദ്ധതികൾക്കു തുടക്കം കുറിച്ചു. 100 ഏക്കറിനു മുകളിലുള്ള പാടശേഖരമായിരുന്നു കൊരങ്ങാട്ടി. എന്നാൽ അധികൃതരുടെ അവഗണനയെത്തുടർന്ന് നെൽക്കൃഷി നാമമാത്രമായി ചുരുങ്ങിയിരുന്നു. തുടർന്നാണ് നെൽക്കൃഷി പ്രോത്സാഹിപ്പിക്കുന്നതിന് അധികൃതർ വിവിധ പദ്ധതികൾ ആവിഷ്കരിച്ചു നടപ്പാക്കാൻ തീരുമാനിച്ചിരിക്കുന്നത്.
കൃഷി, വനം വകുപ്പ്, കൃഷി വിജ്ഞാൻ കേന്ദ്ര എന്നിവയുടെ നേതൃത്വത്തിൽ വന്യമൃഗ ശല്യം ഒഴിവാക്കുന്നതിനും പദ്ധതി ആസൂത്രണം ചെയ്തിട്ടുണ്ട്. ഹരിത കേരള മിഷനാണ് പദ്ധതികൾ ഏകോപിപ്പിക്കുന്നത്. എ.രാജ എംഎൽഎ ഉദ്ഘാടനം ചെയ്തു. അടിമാലി പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനസ് ഇബ്രാഹിം അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സോമൻ ചെല്ലപ്പൻ, മെംബർ കെ.കൃഷ്ണമൂർത്തി, ബാംബൂ വർക്കേഴ്സ് വെൽഫെയർ ബോർഡ് ചെയർമാൻ ചാണ്ടി പി.അലക്സാണ്ടർ, അടിമാലി പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസകാര്യ സ്ഥിരം സമിതി അധ്യക്ഷൻ സി.ഡി.ഷാജി, ഹരിതകേരളം മിഷൻ ജില്ലാ കോഓർഡിനേറ്റർ അജയ് പി.കൃഷ്ണ, കൃഷി ഓഫിസർ എം.എ.സിജി എന്നിവർ പ്രസംഗിച്ചു.