വളർത്തുമൃഗങ്ങളെ കൊല്ലുന്നു; അമരാവതിയിൽ വന്യമൃഗശല്യം രൂക്ഷം
Mail This Article
കുമളി ∙ അമരാവതി പ്രദേശത്ത് വന്യമൃഗങ്ങൾ വളർത്തുമൃഗങ്ങളെ കൊന്നൊടുക്കുന്നു, പുലിയാണോ, കടുവയാണോ മൃഗങ്ങളെ പിടികൂടുന്നതെന്ന ആശങ്കയിലാണ് പ്രദേശവാസികൾ. പ്രതിഷേധവുമായി നാട്ടുകാർ രംഗത്തിറങ്ങിയതോടെ വനംവകുപ്പ് സ്ഥലത്തു 2 ക്യാമറകൾ സ്ഥാപിച്ചു. ഇന്നലെ പുലർച്ചെയാണ് അമരാവതി മൂന്നാം മൈലിൽ പുളിക്കൽ ജേക്കബിന്റെ രണ്ട് ആടുകളെ വന്യമൃഗം കടിച്ചുകൊന്നത്. ഏതാനും ദിവസങ്ങൾക്ക് മുൻപ് കളയ്ക്കൽ ഭാസ്കറിന്റെ വീടിനു സമീപം കടുവയുടെ കാൽപാട് കണ്ടിരുന്നു. അന്ന് അവരുടെ വളർത്തുനായയെ പിടിച്ചുകൊണ്ടുപോയി. പിന്നീട് എകെജിപടി ഭാഗത്തു ചേമ്പനായിൽ മനോജിന്റെ അഞ്ചോളം മുയലുകളെയാണ് കടിച്ചുകൊന്നിട്ടിരുന്നത്.
ഒരാഴ്ചയായി കാട്ടുമൃഗങ്ങളുടെ ആക്രമണം രൂക്ഷമായി തുടരുമ്പോഴും വനം വകുപ്പോ മറ്റ് അധികൃതരോ നടപടി സ്വീകരിച്ചില്ല. ക്ഷീരകർഷകർ കൂടുതലുള്ള അമരാവതി പ്രദേശത്ത് കർഷകർക്ക് പുല്ലുചെത്താൻ പോകാൻ പോലും ഭയമാണ്. ഏലക്കാട്ടിൽ പണിയെടുക്കുന്ന തൊഴിലാളികളും ഭയത്തോടെയാണ് കാട്ടിലിറങ്ങുന്നത്. കഴിഞ്ഞ ഒരു മാസത്തിനുള്ളിലാണ് ചക്കുപള്ളം വലിയപാറ, നാലാം മൈൽ, അമരാവതി എന്നീ പ്രദേശങ്ങളിൽ വന്യമൃഗങ്ങളുടെ ശല്യം രൂക്ഷമായിരിക്കുന്നത്. തമിഴ്നാട് വനമേഖലയുമായി അതിർത്തി പങ്കിടുന്ന പ്രദേശങ്ങളാണിത്. തമിഴ്നാട്ടിൽനിന്നുള്ള മൃഗങ്ങളാണ് അതിർത്തി കടന്നെത്തുന്നത് എന്ന മറുപടിയാണ് കേരളത്തിലെ ചില വനം വകുപ്പ് ഉദ്യോഗസ്ഥർ നൽകുന്നത്.
വലിയപാറയിൽ വനം വകുപ്പ് സ്ഥാപിച്ച ക്യാമറയിൽ കടുവയുടെ ചിത്രം പതിഞ്ഞപ്പോൾ അതു കേരളത്തിലെ കടുവ അല്ലെന്ന് സ്ഥാപിക്കാനായിരുന്നു ഇവിടത്തെ ഉദ്യോഗസ്ഥർ ശ്രമിച്ചത്. കാട്ടുമൃഗങ്ങളുടെ ആക്രമണത്തിനെതിരെ ശക്തമായ നടപടികൾ സ്വീകരിക്കണമെന്നും അല്ലാത്തപക്ഷം സമരപരിപാടികളുമായി രംഗത്തിറങ്ങുമെന്നും കോൺഗ്രസ് രണ്ടാംമൈൽ വാർഡ് കമ്മിറ്റി പ്രസിഡന്റ് ബെന്നി വരിക്കമാക്കൽ പറഞ്ഞു.
കറുപ്പ്പാലത്ത് പുലി വളർത്തുനായയെ കൊന്നു
കറുപ്പ്പാലം കടശിക്കാട് ആറ്റോരത്തെ വീടിനു സമീപം പകൽ എത്തിയ പുലി വളർത്തുനായയെ കൊന്നു. വട്ടത്തറയിൽ വീട്ടിൽ രതീഷിന്റെ വളർത്തു നായയാണ് പുലിയുടെ ആക്രമണത്തിൽ ചത്തത്. കുടുംബാംഗങ്ങൾ പുറത്തുപോയ സമയത്താണുസംഭവം. നായയെ അഴിച്ചുവിട്ടിരിക്കുകയായിരുന്നു.
വീട്ടുകാർ തിരികെ എത്തുമ്പോൾ നായയെ ചത്തനിലയിൽ കണ്ടെത്തി. പരിസരത്ത് പതിഞ്ഞ കാൽപാടുകളിൽ സംശയം തോന്നിയ പ്രദേശവാസികൾ വനംവകുപ്പിനെ വിവരം അറിയിച്ചു. ഇവർ എത്തി നടത്തിയ പരിശോധനയിൽ പുലിയുടെ കാൽപാട് തന്നെയെന്ന് സ്ഥിരീകരിച്ചു. ഇനിയും പ്രദേശത്ത് പുലിയുടെ കാൽപാടുകൾ കാണുന്ന പക്ഷം ക്യാമറ സ്ഥാപിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നാണ് വനപാലകരുടെ ഉറപ്പ്.