ഇടുക്കി ജില്ലയിൽ വീണ്ടും ശക്തമായ മഴ: വരും ദിവസങ്ങളിലും തുടരുമെന്ന് കാലാവസ്ഥാ പ്രവചനം
Mail This Article
തൊടുപുഴ ∙ ഒരിടവേളയ്ക്കു ശേഷം ഇടുക്കി ജില്ലയിൽ വീണ്ടും ശക്തമായ മഴ. തൊടുപുഴ ഉൾപ്പെടെ ലോറേഞ്ച് മേഖലകളിൽ ഇന്നലെ പകൽ ഇടവിട്ട് ശക്തമായ മഴയായിരുന്നു. അടിമാലി, കട്ടപ്പന, ചെറുതോണി, കുമളി തുടങ്ങി ഹൈറേഞ്ചിന്റെ വിവിധ ഭാഗങ്ങളിലും മഴയെത്തി. രാത്രിയും മഴ തുടരുകയാണ്. കാര്യമായ കെടുതികൾ വൈകിട്ടുവരെ റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും മഴ തുടരുന്നതിനാൽ പല പ്രദേശങ്ങളിലും ആശങ്ക നിലനിൽക്കുന്നുണ്ട്.
കഴിഞ്ഞ ഏതാനും ദിവസമായി പകൽ ഏറെസമയവും മൂടിക്കെട്ടിയ അന്തരീക്ഷമായിരുന്നെങ്കിലും കാര്യമായ മഴയുണ്ടായില്ല. ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കു സാധ്യതയുള്ളതിനാൽ കേന്ദ്രകാലാവസ്ഥാ വകുപ്പ് ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വരും ദിവസങ്ങളിലും മഴ തുടരുമെന്നാണ് കാലാവസ്ഥാ പ്രവചനം. മഴയ്ക്കൊപ്പം മിന്നലിനും സാധ്യതയുണ്ട്. ഈ സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രത പുലർത്തണമെന്നു നിർദേശമുണ്ട്.