കക്കാട്ടുകട-അഞ്ചുരുളി റോഡ് നന്നാക്കാൻ നടപടിയില്ല; പ്രതിഷേധവുമായി നാട്ടുകാർ
Mail This Article
കട്ടപ്പന ∙ വിനോദ സഞ്ചാരികൾ ഉൾപ്പെടെയുള്ളവർ ആശ്രയിക്കുന്ന കക്കാട്ടുകട-അഞ്ചുരുളി റോഡ് നന്നാക്കാൻ നടപടിയില്ലാത്തതിനാൽ പ്രതിഷേധം സംഘടിപ്പിച്ച് നാട്ടുകാർ. ടാറിങ് തകർന്ന് യാത്ര ദുർഘടമായ പാത നന്നാക്കണമെന്നാവശ്യപ്പെട്ട് പലതവണ പരാതികളും നിവേദനങ്ങളും നൽകിയെങ്കിലും ഫലമുണ്ടാകാതെ വന്നതോടെയാണ് നാട്ടുകാർ പ്രതിഷേധവുമായി രംഗത്തിറങ്ങിയത്. ജോണിക്കടയിൽനിന്ന് പ്രകടനം നടത്തുകയും തുടർന്ന് റോഡിലെ കുഴിയിൽ വാഴനട്ട് പ്രതിഷേധിക്കുകയും ചെയ്തു. സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവരാണ് സമരം നടത്തിയത്.
അഞ്ചുരുളിയിലേക്കുള്ള വിനോദ സഞ്ചാരികളുമായുള്ള ടൂറിസ്റ്റ് ബസുകളും സ്കൂൾ വാഹനങ്ങളും ഉൾപ്പെടെ ഒട്ടേറെ വാഹനങ്ങളാണ് ദിവസേന ഇതുവഴി സഞ്ചരിക്കുന്നത്. താരതമ്യേന വീതി കുറഞ്ഞ റോഡിലെ ടാറിങ് കൂടി തകർന്നതോടെ യാത്ര ദുഷ്‌കരമായി. പലയിടങ്ങളിലും വലിയ കുഴികളാണ് രൂപപ്പെട്ടിരിക്കുന്നത്. പാത പൂർണമായി ടാർ ചെയ്യുകയോ അറ്റകുറ്റപ്പണി നടത്തുകയോ ചെയ്യണമെന്ന നാട്ടുകാരുടെ ആവശ്യം ബന്ധപ്പെട്ടവർ പരിഗണിച്ചിട്ടില്ല.
ടാക്സി വാഹനങ്ങൾ പോലും ഇതുവഴി സഞ്ചരിക്കാൻ മടിക്കുന്ന സാഹചര്യമായതോടെയാണ് നാട്ടുകാർ പ്രതിഷേധവുമായി രംഗത്തിറങ്ങിയത്. കാഞ്ചിയാർ പഞ്ചായത്തംഗം ഷാജി വേലംപറമ്പിൽ, പ്രദേശവാസികളായ ജിമ്മിച്ചൻ ഇളംതുരുത്തിയിൽ, അനിത സത്യൻ, ഗിരിജ അനീഷ്, ജോയി ആനത്താനം, മോനിച്ചൻ മുട്ടത്ത്, ബിനോയി പതിപ്പള്ളിയിൽ, ലാലിച്ചൻ മുട്ടത്ത്, സോണിയ ജോബി, ജോസ് പ്ലാപ്പറമ്പിൽ, റെജി പാലപ്ലാക്കൽ തുടങ്ങിയവർ സമരത്തിന് നേതൃത്വം നൽകി.