കലക്ടറുടെ ഇടപെടൽ; ഇടമലക്കുടിയിൽ അഞ്ചര ടൺ റേഷൻ എത്തി
Mail This Article
മൂന്നാർ ∙ ഇടമലക്കുടിയിൽ 20 ദിവസമായി നിലച്ചുകിടന്ന റേഷൻ സാധനങ്ങൾ വിതരണം നടത്താൻ കലക്ടറുടെ അടിയന്തിര ഇടപെടൽ. ശനിയാഴ്ച ഉച്ചകഴിഞ്ഞ് അഞ്ചര ടൺ റേഷൻ സാധനങ്ങൾ രണ്ടു റേഷൻ കടകളിലുമെത്തിച്ചു. ബാക്കി ഇന്നലെയും പ്രത്യേക വാഹനത്തിൽ കടകളിലെത്തിച്ചു. ഇന്നു രാവിലെ മുതൽ ഇവ വിതരണം ചെയ്തു തുടങ്ങും.
കലക്ടർ വി.വിഘ്നേശ്വരിയുടെ നിർദേശപ്രകാരം ദേവികുളം താലൂക്ക് സപ്ലൈ ഓഫിസർ, ഇടമലക്കുടിയിൽ റേഷൻ വിതരണത്തിന്റെ ചുമതലയുള്ള ഗിരിജൻ സൊസൈറ്റി അധികൃതർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം പെട്ടിമുടിയിലെ റേഷൻ ഗോഡൗൺ, സൊസൈറ്റിക്കുടി, പരപ്പയാർ എന്നിവിടങ്ങളിലെ റേഷൻ കടകൾ എന്നിവ ഇന്നലെ സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. കഴിഞ്ഞ 20 ദിവസമായി ഇടമലക്കുടിയിൽ റേഷൻ സാധനങ്ങൾ വിതരണം ചെയ്യാതെ പെട്ടിമുടിയിലെ ഗോഡൗണിൽ കൂട്ടിയിട്ടിരിക്കുന്നത് സംബന്ധിച്ച വാർത്ത മനോരമയാണ് പുറത്തുകൊണ്ടുവന്നത്.
വാർത്ത ശ്രദ്ധയിൽപെട്ടതിനെ തുടർന്നാണ് കലക്ടർ, ദേവികുളം സബ് കലക്ടർ വി.എം.ജയകൃഷ്ണൻ എന്നിവർ വിഷയത്തിലിടപ്പെട്ടത്. പെട്ടിമുടിയിലെ ഗോഡൗണിൽ നിന്നും പ്രത്യേക വാഹന സൗകര്യമൊരുക്കിയാണ് അരി ഉൾപ്പെടെയുള്ള സാധനങ്ങൾ ശനിയാഴ്ച മുതൽ എത്തിക്കാൻ തുടങ്ങിയത്. നവംബർ മാസം റേഷൻ അരി ഉൾപ്പെടെ ലഭിക്കാതെ വന്നതോടെ ഗോത്രവർഗക്കാർ മൂന്നാർ, മാങ്കുളം എന്നിവിടങ്ങളിലെത്തി പൊതു വിപണിയിൽ നിന്നു കൂടിയ വില നൽകിയാണ് സാധനങ്ങൾ വാങ്ങിയിരുന്നത്. പെട്ടിമുടിയിനിന്നു റേഷൻ കടകളിലേക്ക് സാധനങ്ങളെത്തിക്കുന്നതിനുള്ള വാഹന കരാർ സംബന്ധിച്ച് തീരുമാനമാകാത്തതാണ് റേഷൻ വിതരണം തടസ്സപ്പെടാൻ കാരണം.