സിഎച്ച്ആർ കേസ് നാളെ സുപ്രീംകോടതിയിൽ; സർക്കാർ രേഖകളിൽ മലയോരത്തിന്റെ ഭാവി
Mail This Article
രാജകുമാരി ∙ഇടുക്കിയുടെ മലയോരവുമായി ബന്ധപ്പെട്ട സിഎച്ച്ആർ കേസ് നാളെ വീണ്ടും സുപ്രീംകോടതി പരിഗണിക്കും. സിഎച്ച്ആർ വനഭൂമിയായതിനാൽ ഇവിടെ സർക്കാർ നൽകിയ പാട്ടവും പട്ടയങ്ങളും റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പരിസ്ഥിതി സംഘടന രണ്ടര പതിറ്റാണ്ട് മുൻപ് നൽകിയ ഹർജിയിലാണ് കോടതി അന്തിമ നടപടികളിലേക്ക് കടന്നത്. ഹർജിയുമായി ബന്ധപ്പെട്ട് 2007 മുതൽ സർക്കാർ കോടതിയിൽ സമർപ്പിച്ച സിഎച്ച്ആറിന്റെ കണക്കുകളിലും രേഖകളിലുമുള്ള പൊരുത്തക്കേടുകൾ കേസിൽ തിരിച്ചടിയായിരുന്നു. കോടതിയിൽ നൽകിയ രേഖകകളിലും സത്യവാങ്മൂലങ്ങളിലുമുള്ള പൊരുത്തക്കേടുകൾ പരിഹരിക്കാനുള്ള നടപടികൾ സ്വീകരിച്ചു വരികയാണെന്നാണ് റവന്യു വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഒരു മാസം മുൻപ് വിവരാവകാശ നിയമ പ്രകാരം നൽകിയ മറുപടിയിലുള്ളത്. സിഎച്ച്ആറിൽ നൽകിയിട്ടുള്ള പട്ടയങ്ങളുടെ കണക്ക് റവന്യുവകുപ്പ് ശേഖരിച്ചിരുന്നു. ഇതു സംബന്ധിച്ച് ഇന്ന് സുപ്രീംകോടതിയിൽ സർക്കാർ വീണ്ടും സത്യവാങ്മൂലം നൽകുമെന്നാണ് വിവരം. സിഎച്ച്ആർ കേസിൽ നാളെ അന്തിമ വിധിയുണ്ടാകില്ലെന്ന് ഉറപ്പാണെങ്കിലും ഒരു മാസം മുൻപ് സിഎച്ച്ആർ മേഖലയിലെ പട്ടയ വിതരണത്തിന് വിലക്കേർപ്പെടുത്തിയ ഉത്തരവിൽ സുപ്രീംകോടതി പുനഃപരിശോധന നടത്തുമോയെന്നാണ് മലയോരം കാത്തിരിക്കുന്നത്.
കേന്ദ്രമന്ത്രിയെ കാണും
സിഎച്ച്ആർ കേസിൽ കേന്ദ്ര ഇടപെടൽ ആവശ്യപ്പെട്ട് ഇടുക്കി ലാൻഡ് ഫ്രീഡം മൂവ്മെന്റ് നേതൃത്വം കേന്ദ്ര വനം - പരിസ്ഥിതി വകുപ്പ് മന്ത്രി ഭൂപേന്ദർ യാദവിനെ കണ്ട് നിവേദനം നൽകും.2009ൽ സുപ്രീംകോടതി നിർദേശ പ്രകാരം സിഎച്ച്ആറിൽ ഉൾപ്പെടെ പട്ടയം നൽകിയതിനാൽ സിഎച്ച്ആർ റിസർവ് വനം ഇല്ലെന്നാണ് ലാൻഡ് ഫ്രീഡം മൂവ്മെന്റ് ഉൾപ്പെടെയുള്ള കർഷക സംഘടനകളുടെ വാദം.
തെറ്റ് തിരുത്താൻ ഇടതുപക്ഷം തയാറാകണം: ഡിസിസി
തൊടുപുഴ ∙ സിപിഎം, സിപിഐ നേതാക്കൾ എന്തുകൊണ്ടാണ് സിഎച്ച്ആറിലെ പട്ടയ വിതരണം സുപ്രീംകോടതി തടഞ്ഞതെന്ന് ജനങ്ങൾക്ക് മനസ്സിലാകുന്ന ഭാഷയിൽ വിശദമാക്കണമെന്ന് ഡിസിസി ജനറൽ സെക്രട്ടറി ബിജോ മാണി. സർക്കാരിന്റെ വീഴ്ച ചൂണ്ടിക്കാണിക്കുമ്പോൾ വസ്തുതകൾക്ക് നിരക്കാത്ത കാര്യങ്ങൾ പറഞ്ഞ് ജനശ്രദ്ധ തിരിക്കാനാണ് സിപിഎം ജില്ലാ സെക്രട്ടറി ശ്രമിക്കുന്നത്.സിഎച്ച്ആർ റവന്യൂ ഭൂമിയാണെന്ന് സർക്കാർ സത്യവാങ്മൂലം നൽകിയിട്ടുണ്ടന്നും ഇതോടെ പ്രശ്നങ്ങളെല്ലാം അവസാനിച്ചുവെന്നുമാണ് അദ്ദേഹത്തിന്റെ വാദം. സർക്കാരിനെ കൊണ്ട് തെറ്റ് തിരുത്തിക്കാൻ ജില്ലയിലെ ഇടതുപക്ഷ നേതൃത്വം തയാറാവണമെന്നും ഡിസിസി വൈസ് പ്രസിഡന്റ് മുകേഷ് മോഹനൻ, ഉടുമ്പൻചോല നിയോജകമണ്ഡലം പ്രസിഡന്റ് ആനന്ദ് തോമസ് എന്നിവർ ആവശ്യപ്പെട്ടു.