കാട്ടാനശല്യം, മുന്നറിയിപ്പുമായി കർഷകർ; ‘ആനയെ തുരത്തുന്നത് ആലോചിച്ച് വേണം’
Mail This Article
അടിമാലി ∙മുള്ളരിങ്ങാട് ജനവാസ മേഖലയിൽ നിന്ന് കാട്ടാനകളെ പെരിയാർ കടത്തി നേര്യമംഗലം വനത്തിന്റെ ഉൾഭാഗത്തേക്ക് തുരത്താനുള്ള നീക്കം ഇതിനോടു ചേർന്നുള്ള ജനവാസ മേഖലയിൽ വേണ്ടത്ര മുൻകരുതലുകൾ ഇല്ലാതെയെന്ന് ആക്ഷേപം. നേര്യമംഗലം വനമേഖലയോടു ചേർന്നു കിടക്കുന്ന കാഞ്ഞിരവേലി, കുളമാൻകുഴി, പാട്ടയിടുമ്പ്, കമ്പിലൈൻ, വാളറ, ഇഞ്ചത്തൊട്ടി, പഴമ്പിള്ളിച്ചാൽ, ഒഴുവത്തടം മേഖകളിലേക്കു കാട്ടാന എത്തുന്നതു തടയുന്നതിനുള്ള യാതൊരുവിധ മുൻകരുതലുകളും വനംവകുപ്പ് ഇതുവരെ സ്വീകരിച്ചിട്ടില്ല.കാഞ്ഞിരവേലിയിൽ കാട്ടാനയുടെ ആക്രമണത്തിൽ മുണ്ടോക്കണ്ടത്തിൽ രാമകൃഷ്ണന്റെ ഭാര്യ ഇന്ദിര മരിച്ചിട്ട് നാളെ 9 മാസം പിന്നിടുകയാണ്.
വീട്ടമ്മയുടെ ദാരുണമായ മരണത്തിനു പിന്നാലെ ജനപ്രതിനിധികളും, നാട്ടുകാരും ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. പ്രതിഷേധം ശമിപ്പിക്കാൻ അന്നുതന്നെ ഇന്ദിരയുടെ വീട് സന്ദർശിച്ച മന്ത്രിമാരുടെ സംഘം വന്യമൃഗ ശല്യം തടയാൻ മേഖലയിൽ അടിയന്തരമായി ഫെൻസിങ് സ്ഥാപിക്കാൻ നടപടി സ്വീകരിക്കുമെന്ന് അറിയിച്ചിരുന്നു. എന്നാൽ ഇതുവരെ ഫെൻസിങ് യാഥാർഥ്യമായിട്ടില്ല. ഇതോടെ മേഖലയിൽ ഇപ്പോഴും കാട്ടാന ശല്യം തുടരുകയാണ്. ഇതോടൊപ്പം നേര്യമംഗലം വനമേഖലയോടു ചേർന്നു കിടക്കുന്ന കുളമാൻകുഴി, പാട്ടയിടുമ്പ്, കമ്പിലൈൻ, വാളറ, ഇഞ്ചത്തൊട്ടി, പഴമ്പിള്ളിച്ചാൽ, ഒഴുവത്തടം മേഖലയിലും രൂക്ഷമായ കാട്ടാന ശല്യത്തിനു പരിഹാരം കാണാൻ സോളർ വേലി സ്ഥാപിക്കുമെന്നു വനംവകുപ്പ് ഉദ്യോഗസ്ഥരുടെ പ്രഖ്യാപനം വന്നിട്ട് 6 മാസം പിന്നിടുകയാണ്. ഇവിടെയും വേലി പ്രഖ്യാപനത്തിൽ ഒതുങ്ങിയിരിക്കുകയാണ്.
ഇത്തരം സാഹചര്യം നിലനിൽക്കുമ്പോൾ ആണ് മുള്ളരിങ്ങാട് മേഖലയിൽ നിന്നു കാട്ടാനകളെ തുരത്തി നേര്യമംഗലം വനത്തിന്റെ ഉൾ ഭാഗത്തേക്ക് എത്തിക്കുന്നതിനു വനം വകുപ്പ് ഉദ്യോഗസ്ഥരുടെയും കോതമംഗലം, മുവാറ്റുപുഴ എന്നിവിടങ്ങളിലെ ജനപ്രതിനിധികളുടെയും നേതൃത്വത്തിൽ നടപടികൾ ആരംഭിച്ചിരിക്കുന്നത്.അവിടെ നിന്നുള്ള ആനകളെ പെരിയാർ കടത്തി വിട്ടാൽ ആദ്യം എത്തുന്നത് കാഞ്ഞിരവേലി ജനവാസ മേഖലയിലാണ്. തുടർന്ന് കുളമാൻകുഴി, പാട്ടയിടുമ്പ്, കമ്പിലൈൻ, പഴമ്പിള്ളിച്ചാൽ തുടങ്ങിയ ജനവാസ മേഖലയിലേക്കും കാട്ടാനകൾ എത്തും. ഇപ്പോൾ തന്നെ കാട്ടാന ശല്യം കൊണ്ട് പൊറുതി മുട്ടിയിരിക്കുന്ന ജനങ്ങളുടെ ദുരിതം കൂടുതൽ ആനകൾ എത്തുന്നതോടെ വർധിക്കുമെന്ന ആശങ്ക ജനങ്ങൾക്കിടയിൽ ഉയർന്നിട്ടുണ്ട്.
ഇതിനിടെ ഇവിടെ നിന്നുള്ള ജനപ്രതിനിധികളും വനം വകുപ്പ് ഉദ്യോഗസ്ഥരും വളരെ ലാഘവത്തോടയാണ് ജനങ്ങളെ ഗുരുതരമായി ബാധിക്കുന്ന പ്രശ്നത്തെ കാണുന്നത് എന്ന ആക്ഷേപവും ഉയർന്നു. മുള്ളരിങ്ങാട് നിന്ന് ആനകളെ ഇവിടേക്ക് എത്തിക്കുന്നതിന് നേര്യമംഗലം ഫോറസ്റ്റ് റേഞ്ച് ഓഫിസർ അടിമാലി പഞ്ചായത്ത്, റവന്യു അധികൃതരുടെ സഹകരണം തേടിയുള്ള സർക്കുലർ ഇറക്കിയിട്ടും ജനങ്ങളുടെ ഭാഗത്തു നിന്നു കൊണ്ടുള്ള ക്രിയാത്മക പ്രതികരണത്തിന് ഇനിയും അധികൃതരും ജനപ്രതിനിധികളും തയാറാകാത്തത് പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.
ഇതിനിടെ മുള്ളരിങ്ങാട് മേഖലയിൽ നിന്ന് ആനകളെ തുരത്തി നേര്യമംഗലം വനമേഖലയിലേക്ക് എത്തിക്കാനുള്ള നീക്കം താൽക്കാലികമായി നിർത്തി വച്ചിട്ടുണ്ട്. കാലാവസ്ഥ അനുകൂലമല്ലെന്ന കാരണമാണ് അധികൃതർ പറയുന്നത്. മുള്ളരിങ്ങാട് മേഖലയിൽ നിന്ന് ആനകളെ കിലോമീറ്ററുകൾ ദൂരത്തുള്ള നേര്യമംഗലം വനത്തിന്റെ ഉൾ ഭാഗത്തേക്ക് എത്തിക്കുക എന്നതിനു പിന്നിലുള്ള പ്രായോഗിക ബുദ്ധിമുട്ടുകൾ വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് ബോധ്യപ്പെട്ടിട്ടുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്.