കാട്ടുപോത്തിന്റെ ആക്രമണം: വനത്തിലൂടെ യുവാക്കൾക്ക് പോകേണ്ടി വന്നത് ഇടമലക്കുടിയിൽ റേഷൻ ഇല്ലാത്തതിനാൽ
Mail This Article
മൂന്നാർ∙ ഇടമലക്കുടിയിലെ റേഷൻ കടകളിൽ അവശ്യസാധനങ്ങൾ ലഭിക്കാതിരുന്നതിനാലാണ് ഇവ വാങ്ങാൻ മറ്റിടങ്ങളിലേക്കു വനത്തിലൂടെ ഗോത്രവർഗ യുവാക്കൾക്ക് പോകേണ്ടി വന്നതും കാട്ടുപോത്തിന്റെ ആക്രമണത്തിന് ഇരയായതെന്നും പരാതി. ഇടമലക്കുടി നിവാസികളുടെ സ്വന്തം വാട്സാപ് ഗ്രൂപ്പിലാണ് പഞ്ചായത്തംഗങ്ങൾ ഉൾപ്പെടെയുള്ളവർ അധികൃതർക്കെതിരെ ഈ രൂക്ഷ വിമർശനം ഉന്നയിച്ചിരിക്കുന്നത്.
റേഷൻ കടകളിൽ നിത്യോപയോഗ സാധനങ്ങൾ ഒരു മാസമായി ഇല്ലാത്തതു കൊണ്ടാണു ഗോത്രവർഗക്കാർ ആനക്കുളം, മൂന്നാർ എന്നിവിടങ്ങളിലേക്ക് കൊടുംവനത്തിലൂടെ കനത്തമഴയിൽ സാധനങ്ങൾ വാങ്ങാൻ പോയത്. ആന, കാട്ടുപോത്ത്, കടുവ, പുലി തുടങ്ങിയ മൃഗങ്ങൾ ഉള്ള വഴിയിലൂടെ ഭക്ഷണ സാധന വാങ്ങാനാണ് ഇവർ പോയത്. സാധനങ്ങൾ വാങ്ങി വരുന്നതിനിടയിലാണു രണ്ട് പേർക്ക് കാട്ടുപോത്തിന്റെ ആക്രമണത്തിൽ പരുക്കേറ്റത്.
ഇടമലക്കുടിയിലെ കടകളിൽ സാധനങ്ങൾ എത്തിക്കുന്നതിനു വീഴ്ച വരുത്തിയ വിവിധ വകുപ്പുകളിലെ ജീവനക്കാർക്കെതിരെ നടപടി എടുക്കണമെന്നത് ഉൾപ്പെടെയുള്ള വിമർശനങ്ങളാണു ഗ്രൂപ്പിൽ ഓരോരുത്തരും ഉന്നയിക്കുന്നത്. തിങ്കളാഴ്ച ഉച്ചകഴിഞ്ഞാണു ആനക്കുളത്തു നിന്നും സാധനങ്ങൾ വാങ്ങി തലച്ചുമടായി പോകുകയായിരുന്ന സൊസൈറ്റിക്കുടി സ്വദേശി രാമനാഥൻ, അമ്പലപ്പാറക്കുടി സ്വദേശി പ്രകാശ് എന്നിവരെ കാട്ടുപോത്ത് ആക്രമിച്ച് പരുക്കേൽപിച്ചത്.
ഗുരുതരമായി പരുക്കേറ്റ യുവാക്കളിലൊരാളെ മരക്കമ്പുകൾ കൊണ്ടുണ്ടാക്കിയ മഞ്ചലിൽ കിടത്തി ചുമന്നാണ് ആനക്കുളത്ത് എത്തിച്ച ശേഷം വാഹനത്തിൽ അടിമാലി താലൂക്ക് ആശുപത്രിയിലെത്തിച്ചത്.