ഭാര്യയും മക്കളും കൂടി നേടിയത് 6 സ്വർണം: എസ്ഐ ബൈജുബാലിന്റേത് സൂപ്പർ ഹീറോ ഫാമിലി
Mail This Article
ചെറുതോണി ∙ ഇടുക്കി പൊലീസിലെ ടെലികമ്യൂണിക്കേഷൻ വിഭാഗം എസ്ഐ ബൈജുബാലിന്റെ വീട്ടിൽ സ്വർണച്ചാകര. തൊടുപുഴയിൽ നടന്ന ജില്ലാ പഞ്ചഗുസ്തി മത്സരത്തിൽ 6 സ്വർണമാണ് ഇദ്ദേഹത്തിന്റെ ഭാര്യയും മക്കളും കൂടി നേടിയത്. സബ് ജൂനിയർ പെൺകുട്ടികളുടെ 40 കിലോ വിഭാഗത്തിൽ ഇളയ മകൾ കെ.നൈനികയും 45 കിലോ വിഭാഗത്തിൽ മൂത്ത മകൾ കെ.ബാലനന്ദയും 2 സ്വർണ മെഡലുകൾ വീതം കഴുത്തിലണിഞ്ഞു. സീനിയർ വനിത 70 കിലോ വിഭാഗത്തിലാണ് ഇവരുടെ അമ്മ എസ്. കാർത്തികയുടെ സ്വർണനേട്ടം.
മക്കളെ പോലെ തന്നെ 2 സ്വർണ മെഡലുകൾ നേടി കാർത്തികയും കൈക്കരുത്ത് അറിയിച്ചു. കാർത്തിക ജില്ലാ ആശുപത്രിയിലെ ഫിസിയോ തെറപ്പിസ്റ്റ് ആണ്. പൈനാവ് കേന്ദ്രീയ വിദ്യാലയത്തിൽ ഒൻപതാം ക്ലാസ് വിദ്യാർഥിനിയാണ് ബാലനന്ദ. ഇതേ സ്കൂളിൽ നാലിൽ ആണ് നൈനിക. ജില്ലയിൽ നിന്നു പഞ്ചഗുസ്തിയിൽ മത്സരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമാണു നൈനിക. ഇടുക്കി ഭൂമിയാംകുളം സ്വദേശി എം.എ.ജോസും ഭാര്യ ജിൻസിയുമാണ് മൂവരുടെയും പരിശീലകർ. ജനുവരിയിൽ കോഴിക്കോട് നടക്കുന്ന സംസ്ഥാന പഞ്ചഗുസ്തി മത്സരത്തിൽ ജില്ലയെ പ്രതിനിധീകരിച്ചു മൂവരും പങ്കെടുക്കും.