ADVERTISEMENT

വണ്ണപ്പുറം ∙ നൂറു കണക്കിനു നാട്ടുകാരും ഒട്ടേറെ ടൂറിസ്റ്റുകളും സഞ്ചരിക്കുന്ന വണ്ണപ്പുറം– തൊമ്മൻകുത്ത് റോഡ് തകർന്നുകിടക്കാൻ തുടങ്ങിയിട്ട് ഒരു വർഷത്തിലേറെ ആയെങ്കിലും നന്നാക്കാൻ നടപടിയില്ല. റോഡ് തകർന്നതോടെ കാൽനട യാത്രപോലും അതീവ ദുഷ്‌കരമായ അവസ്ഥയാണിപ്പോൾ. റോഡ് തകരാൻ  തുടങ്ങിയിട്ട് വർഷങ്ങളായെങ്കിലും അവിടെയും ഇവിടെയും കുഴി അടയ്ക്കുന്ന പരിപാടി മാത്രമാണ് ആകെ നടന്നത്.  അധിക കാലം ആകും മുൻപേ വീണ്ടും റോഡ്‌ പഴയപടിയാകും. റോഡിൽ യാത്രക്കാർ അനുഭവിക്കുന്ന ദുരിത യാത്ര സംബന്ധിച്ച് ഏതാനും മാസം മുൻപ് മനോരമ വാർത്ത ചെയ്തിരുന്നു.

അതേ തുടർന്ന് ഏതാനും കുണ്ടും കുഴികളും അടച്ചെങ്കിലും ഇതും പൂർത്തിയാക്കാൻ അധികാരികൾക്ക് കഴിഞ്ഞിട്ടില്ല. ഇതുമൂലം ഇരു ചക്ര വാഹനങ്ങൾ അപകടത്തിൽപെടുന്നുണ്ട്. ഒട്ടേറെ  സ്കൂൾ ബസുകളും സർവീസ് ബസുകളും കടന്നുപോകുന്ന വഴി കൂടിയാണിത്. അതേ സമയം  ഈ റോഡിന്റെ അറ്റകുറ്റപ്പിണികൾ നടത്തിയത് സൂചിപ്പിച്ച് റോഡിന്റെ ഇരു ഭാഗങ്ങളിലും ഡിഎൽപി ബോർഡ് സ്ഥാപിച്ചിട്ടുണ്ട്. റോഡിന്റെ ടാർ നിലനിൽക്കുന്ന കാലാവധി തീയതിയും അതിൽ സൂചിപ്പിച്ചിട്ടുണ്ട്.

എന്നാൽ ഇവർ പറയുന്ന കാലാവധി ആകുന്നതിനു മുൻപ് തന്നെ റോഡ് തകർന്നിരിക്കുകയാണ്. തൊമ്മൻകുത്ത് ടൂറിസ്‌റ്റ് കേന്ദ്രത്തിലേക്കുള്ള പ്രധാന റോഡ് കൂടിയാണ് തകർന്നുകിടക്കുന്നത്. റോഡ് തകർന്നതുമൂലം റോഡിന്റെ അരികിൽ വലിയ കുഴികൾ രൂപപ്പെട്ടിട്ടുണ്ട്. ഇത് യാത്രക്കാർക്ക് അപകട ഭീഷണിയാണ്. ഈ റൂട്ടിലൂടെ ഭാരം കൂടിയ വാഹനങ്ങൾ പോകുന്നതു മൂലമാണ് റോഡ് തകർന്നതെന്ന് നാട്ടുകാർ പറയുന്നു. 

കൂടാതെ റോഡിന്റെ ഈ ദുരവസ്ഥമൂലം ബസുകൾക്ക് കേടുപാടുകൾ സംഭവിക്കുകയും ഇതുമൂലം ജീവനക്കാർ ട്രിപ്പുകൾ മുടക്കാൻ നിർബന്ധിതരാവുകയാണ്. റോഡിന്റെ  ശോചനീയാവസ്ഥ പലതവണ ചൂണ്ടിക്കാണിച്ചിട്ടും പൊതുമരാമത്ത് അധികൃതർ തിരിഞ്ഞു നോക്കുന്നില്ലെന്നാണ് നാട്ടുകാർ പറയുന്നത്.  ദുരിത യാത്രയ്ക്ക് പരിഹാരം ഉണ്ടാക്കണമെന്നാണ് നാട്ടുകാരുടെയും ടൂറിസ്റ്റുകളുടെയും ആവശ്യം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com