ചന്ദനമോഷണം: ഒരാൾകൂടി പിടിയിൽ
Mail This Article
നെടുങ്കണ്ടം ∙ ചന്ദനമോഷണ സംഘത്തിലെ ഏഴാമനും വനപാലകരുടെ പിടിയിലായി. ചോറ്റുപാറ ശ്രീരാമനിലയത്തിൽ അഖിൽ (ലഗീരൻ – 33) പ്രത്യേക അന്വേഷണ സംഘത്തിന്റെ പിടിയിലായത്.നവംബർ 10നു ചന്ദനത്തടി ചെത്തി മിനുക്കുന്നതിനിടെ സന്യാസിയോടയിൽ നിന്നു തൊടുപുഴ ഉടുമ്പന്നൂർ ചെരുവുപറമ്പിൽ സുനീഷ് ചെറിയാൻ വനപാലകരുടെ പിടിയിലായതാണു കേസിനു തുടക്കം. പിന്നീട‌് അഞ്ചു പേർകൂടി അറസ്റ്റിലായി. വിവിധ ദിവസങ്ങളിലായി 100 കിലോ ചന്ദനവും 2 വാഹനവും വനപാലകർ പിടിച്ചെടുത്തിരുന്നു.
കൂട്ടാളികൾ അറസ്റ്റിലായതോടെ കർണാടകയിലേക്ക് കടന്ന അഖിൽ പിന്നീടു തമിഴ്‌നാട്ടിൽ എത്തുകയും അവിടെ നിന്നു തൂക്കുപാലത്ത് എത്തി ഒളിവിൽ കഴിയുകയുമായിരുന്നു. സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ തിരച്ചിലിലാണു പ്രതിയെ പിടികൂടിയത്.കഴിഞ്ഞ ദിവസം പിടികൂടാൻ ശ്രമിച്ചെങ്കിലും ഓടി കടന്നുകളഞ്ഞു. പിന്നീടു വ്യാഴാഴ്ച വൈകിട്ട് തൂക്കുപാലത്തിന് സമീപത്തു നിന്ന് ഓടിച്ചിട്ടു പിടികൂടുകയായിരുന്നു. കുമളി റേഞ്ച് ഫോറസ്റ്റ് ഓഫിസർ എ.അനിൽകുമാറിന്റെ നേതൃത്വത്തിലുള്ള സ്പെഷൽ സ്ക്വാഡാണു പ്രതിയെ പിടികൂടിയത്.