ADVERTISEMENT

തൊടുപുഴ ∙ റോഡ് നിർമാണ പ്രവർത്തനങ്ങൾ നിലച്ചതിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നതോടെ കാരിക്കോട് തെക്കുംഭാഗം റോഡിൽ ജല അതോറിറ്റി പൈപ്പ് മാറ്റിസ്ഥാപിക്കുന്ന ജോലികൾ ഇന്നലെ ആരംഭിച്ചു. റോഡിൽ പല ഭാഗത്തും പൊട്ടിയ പൈപ്പുകൾ നന്നാക്കാനും റോഡരികിൽ ശരിയായി താഴ്ത്താതെ സ്ഥാപിച്ചിരിക്കുന്ന പൈപ്പുകൾ അരികിലേക്ക് മാറ്റിസ്ഥാപിക്കുന്നതിനും ജല അതോറിറ്റി തയാറാകാത്തതിനെ തുടർന്നാണ് റോഡ് പണി നിലച്ചത്. ഇത് നാട്ടിൽ വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. 

മാത്രമല്ല പൈപ്പുകൾ മാറ്റി സ്ഥാപിക്കുന്നതിനായി ജല അതോറിറ്റിയിൽ 4 ലക്ഷം രൂപ പൊതുമരാമത്ത് വകുപ്പ് അടച്ചെങ്കിലും ഇവരുടെ ഭാഗത്തുനിന്ന് നിഷേധ നിലപാടാണ് ഉണ്ടായതെന്നാണ് പരാതി. കൂടാതെ എംഎൽഎ ഉൾപ്പെടെയുള്ള ജനപ്രതിനിധികളും രാഷ്ട്രീയ പാർട്ടി പ്രതിനിധികളും പ്രശ്നത്തിൽ ഇടപെട്ടു. എന്നിട്ടും നടപടികൾ വൈകി. ഇതു സംബന്ധിച്ച് മനോരമ കഴിഞ്ഞ ദിവസം വാർത്ത നൽകിയിരുന്നു. തുടർന്നാണ് പൈപ്പ് മാറ്റി സ്ഥാപിക്കാനുള്ള നടപടികൾ ആരംഭിച്ചിരിക്കുന്നത്.

 തെക്കുംഭാഗം മുതൽ മലങ്കര ഗേറ്റ് വരെയുള്ള ഭാഗത്തെ പൈപ്പുകൾ അരികിലേക്ക് മാറ്റി താഴ്ത്തി സ്ഥാപിക്കുന്ന പണികളാണ് ഇന്നലെ ആരംഭിച്ചിരിക്കുന്നത്. ഇതിനു പുറമേ റോഡരികിൽ തടസ്സമായി നിൽക്കുന്ന 5 പോസ്റ്റുകളും അരികിലേക്ക് മാറ്റിസ്ഥാപിക്കാൻ കെഎസ്ഇബിയും തയാറായിട്ടില്ല. ഇതിനെതിരെ സിപിഎം നേതാക്കളും പ്രവർത്തകരും കെഎസ്ഇബി ഓഫിസിൽ എത്തിയിരുന്നു. ഉടൻ നടപടി ഉണ്ടാകുമെന്നാണ് കെഎസ്ഇബി അധികൃതർ പറഞ്ഞത്. 

റോഡ് പുനർനിർമാണ ഭാഗമായി റോഡിലെ മെറ്റൽ ഇളക്കിയ ഭാഗത്തു കൂടിയും കുഴിയായി മാറിയ ഭാഗവും ചെളിക്കുളമായി മാറിയത് യാത്രക്കാരെ വലിയ ദുരിതത്തിൽ ആക്കിയിരുന്നു. കാരിക്കോട് മുതൽ തെക്കുംഭാഗം മലങ്കര ഗേറ്റ് വരെ 4.2 കിലോമീറ്റർ റോഡ് ആധുനിക നിലവാരത്തിൽ വീതി കൂട്ടി ടാർ ചെയ്യുന്നതിനും കലുങ്കുകളും കൽക്കെട്ടുകളും ഉൾപ്പെടെ പണിയുന്നതിനായി 4.85 കോടി രൂപയാണ് അനുവദിച്ചത്. 

4 മാസം മുൻപാണ് റോഡിന്റെ നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചത്. എന്നാൽ സർക്കാർ വകുപ്പുകളായ ജല അതോറിറ്റിയും കെഎസ്ഇബിയും പൊതുമരാമത്ത് വകുപ്പിനു മുന്നിൽ മുഖം തിരിച്ചതോടെയാണ് പ്രതിസന്ധിയായത്.

English Summary:

Road construction on Thodupuzha's Karikkode Thekkumbhagam road resumed after the Water Authority began replacing damaged pipes. The project had stalled due to improperly laid pipes, prompting protests from locals demanding improved infrastructure.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com