ബാങ്കിന്റെ ലോഗോയുള്ള ആപ് അയച്ചു നൽകി 1.80 ലക്ഷം രൂപ കവർന്നു
Mail This Article
മറയൂർ∙ യൂണിയൻ ബാങ്കിന്റെ ലോഗോയുള്ള ആപ് വാട്സാപ്പിലൂടെ അയച്ചു നൽകി 1.80 ലക്ഷം രൂപ കവർന്നു. കാന്തല്ലൂർ പയസ് നഗറിൽ മുനിയമ്മയുടെ (55) അക്കൗണ്ടിൽ നിന്നാണ് പണം കവർന്നത്. നവംബർ 30 മുതൽ 3 ദിവസത്തിനുള്ളിൽ 3 തവണയായാണ് തുക പിൻവലിച്ചത്. കഴിഞ്ഞ മാസം 25 മുതൽ തുടർച്ചയായി ‘താങ്കളുടെ അക്കൗണ്ട് കെവൈസി അപ്‌ലോഡ് ചെയ്യാത്തതിനാൽ ഏതുസമയവും അക്കൗണ്ട് മുടക്കപ്പെടും’ എന്നുള്ള സന്ദേശം ലഭിക്കുകയും തുടർന്ന് യൂണിയൻ ബാങ്കിന്റെ ലോഗോയോടു കൂടിയുള്ള ആപ്പ് ഇൻസ്റ്റാൾ ചെയ്യാൻ അറിയിപ്പ് ലഭിക്കുകയും ചെയ്തു. ഇതിലൂടെ എളുപ്പത്തിൽ കെവൈസി ലിങ്ക് ചെയ്തെടുക്കാം എന്നുള്ള വിവരങ്ങളും നൽകി.
ആപ് ഇൻസ്റ്റാൾ ചെയ്തപ്പോഴാണ് തുക പിൻവലിച്ചത്. തുക പിൻവലിച്ചതിന്റെ മെസേജ് മൊബൈലിലൂടെ ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ മുനിയമ്മ കാന്തല്ലൂർ യൂണിയൻ ബാങ്ക് ശാഖയിൽ നേരിട്ടെത്തി വിവരമറിയിച്ചു. തുടർന്നാണ് പണം കവർന്നത് തട്ടിപ്പുകാരാണെന്ന് അറിഞ്ഞത്. ഉടൻതന്നെ അക്കൗണ്ടിൽ ഉണ്ടായിരുന്ന 1.01 ലക്ഷം രൂപ പിൻവലിക്കാത്ത രീതിയിൽ അക്കൗണ്ട് മരവിപ്പിച്ചു. മറയൂർ പൊലീസിൽ പരാതി നൽകി. എസ്എച്ച്ഒ ടി.ആർ.ജിജുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അന്വേഷണം ആരംഭിച്ചു