മഞ്ചലേറി മടുത്തെന്ന് ഇടമലക്കുടി; രോഗികൾക്ക് വേണം സ്ട്രെച്ചറുകൾ
Mail This Article
മൂന്നാർ∙ഇടമലക്കുടിയിൽ വിവിധ അപകടങ്ങളിൽ പെടുന്നവരെ ചാക്കിലും തുണിയിലും കിടത്തി ചുമന്നു കൊണ്ടു പോകുന്ന പ്രാകൃത നടപടികൾ അവസാനിപ്പിക്കണമെന്നു താലൂക്ക് വികസന സമിതി യോഗത്തിൽ ആവശ്യം. കഴിഞ്ഞ ദിവസം നടന്ന യോഗത്തിലാണു ജനപ്രതിനിധികളും പൊലീസ് ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരും ഈ ആവശ്യമുന്നയിച്ചത്.
വന്യമൃഗങ്ങളുടെ ആക്രമണങ്ങൾ, വാഹനാപകടങ്ങൾ എന്നിവ മൂലം പരുക്കു പറ്റുന്നവരെ ചാക്കും തുണിയും ഉപയോഗിച്ച് ഉണ്ടാക്കുന്ന മഞ്ചലിൽ ചുമന്നുകൊണ്ടുവരുന്നതു പരുക്കു പറ്റുന്നവരുടെ ജീവനു ഭീഷണിയാണെന്നായിരുന്നു ചർച്ചയിൽ ഉയർന്നത്. വാരിയെല്ലുകളും മറ്റും തകർന്നവരെ ഉത്തരത്തിൽ ചുമന്നുകൊണ്ടു വരുന്നതിനിടയിൽ ആന്തരികാവയവങ്ങൾക്കു മുറിവേറ്റു ജീവഹാനി സംഭവിക്കുന്നതിനു കാരണമാകുന്നു എന്നായിരുന്നു ഉദ്യോഗസ്ഥരുടെ വിശദീകരണം.
ഇത്തരത്തിലുള്ള പ്രാകൃത സമ്പ്രദായങ്ങൾ ഒഴിവാക്കി ഇടമലക്കുടി പഞ്ചായത്തിലെ 26 സെറ്റിൽമെന്റുകളിലും സ്ട്രെച്ചറുകൾ നൽകണമെന്നും സ്വകാര്യ കമ്പനികളുടെ സിഎസ് ആർ ഫണ്ട് ഉപയോഗിച്ചോ, ത്രിതല പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ചോ ഇവ വാങ്ങണമെന്നും യോഗത്തിൽ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും ആവശ്യപ്പെട്ടു.
കൂടാതെ ഗോത്രവർഗക്കാരെ മഞ്ചലിൽ ചുമന്നുകൊണ്ടു പോകുന്നതിന്റെ ദൂഷ്യവശങ്ങൾ സംബന്ധിച്ച് ബോധവൽക്കരണം നടത്തണമെന്നും യോഗത്തിൽ ആവശ്യമുയർന്നു. ഇടമലക്കുടിയിൽ കാട്ടാന ഉൾപ്പെടെയുള്ള വന്യമൃഗങ്ങളുടെ ആക്രമണങ്ങൾ വർധിച്ച സാഹചര്യത്തിലാണു സ്ട്രെച്ചർ സൗകര്യം ഏർപ്പെടുത്തണമെന്ന ആവശ്യം യോഗത്തിലുയർന്നത്.