മുല്ലപ്പെരിയാർ അറ്റകുറ്റപ്പണി: മണൽ കേരളത്തിൽ ഉപേക്ഷിച്ച് തമിഴ്നാട് ലോറികൾ മടങ്ങി
Mail This Article
കുമളി ∙ കേരളത്തിന്റെ അനുമതിയില്ലാതെ മുല്ലപ്പെരിയാർ അണക്കെട്ടിലേക്കു പാറമണൽ കൊണ്ടുപോകാനുള്ള ശ്രമം തമിഴ്നാട് ഉപേക്ഷിച്ചു. മണലുമായി ദിവസങ്ങളോളം വള്ളക്കടവ് ചെക്‌പോസ്റ്റിൽ കാത്തുകിടന്ന 2 ലോറികളും മണൽ ഇവിടെ ഉപേക്ഷിച്ചു മടങ്ങി.4ന് ആണ് അണക്കെട്ടിലെ അറ്റകുറ്റപ്പണികൾക്കെന്ന പേരിൽ 2 ലോറികളിൽ മണൽ കൊണ്ടുവന്നത്. അണക്കെട്ടിൽ അറ്റകുറ്റപ്പണികൾ നടത്തുന്നുണ്ടെങ്കിൽ അക്കാര്യം കേരളത്തെ അറിയിക്കണമെന്ന വ്യവസ്ഥ ലംഘിച്ചായിരുന്നു തമിഴ്നാടിന്റെ നീക്കം.
അണക്കെട്ടിലേക്ക് പെരിയാർ കടുവസങ്കേതത്തിലൂടെ സാധനങ്ങൾ കൊണ്ടുപോകാൻ കടുവസങ്കേതം ഡപ്യൂട്ടി ഡയറക്ടറുടെ അനുമതി തമിഴ്നാട് വാങ്ങിയിരുന്നില്ല. തുടർന്നു കേരളം ലോറികൾ തടഞ്ഞിടുകയായിരുന്നു.ചില സംഘടനകളെ രംഗത്തിറക്കി പ്രതിഷേധം സംഘടിപ്പിക്കാൻ തമിഴ്നാട്ടിലെ ചില ഉദ്യോഗസ്ഥർ ശ്രമിച്ചെങ്കിലും കേരളത്തിലാരും പ്രതികരണത്തിനും തയാറായില്ല. അതോടെ സമ്മർദതന്ത്രവും പരാജയപ്പെട്ടു. തുടർന്നാണു മണൽ ഉപേക്ഷിച്ച് ലോറികൾ മടങ്ങിയത്.