ഓർമകൾ ബാക്കി; അന്നക്കുട്ടി അമ്മച്ചി യാത്രയായി
Mail This Article
തൊടുപുഴ ∙ 90 പിന്നിട്ട ശേഷവും ഒട്ടേറെ രാജ്യങ്ങൾ സന്ദർശിച്ച് രസകരമായ യാത്രാനുഭവങ്ങൾ പങ്കുവച്ച് സമൂഹ മാധ്യമത്തിൽ ശ്രദ്ധേയയായ കുണിഞ്ഞി പേണ്ടാനത്ത് അന്നക്കുട്ടി സൈമൺ 103–ാം വയസ്സിൽ യാത്രയായി. എപ്പോഴും മുഖത്ത് നിറഞ്ഞ ചിരിയുമായി എല്ലാവരോടും കുശലം പറഞ്ഞു നടക്കുന്ന അന്നക്കുട്ടി അമ്മച്ചിയെ ഒരിക്കൽ കണ്ടവർ പിന്നെ മറക്കില്ല.
എട്ടു മക്കളും മക്കളുടെ മക്കളും കുഞ്ഞു മക്കളുമൊക്കെയായി എൺപതോളം പേരുണ്ട് അന്നക്കുട്ടി അമ്മച്ചിക്ക്. 4 പ്രാവശ്യം റോമിനു പോയി. ഒട്ടേറെ തവണ ജർമനിയിലും പോയി. ഫ്രാൻസ്, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലും പോയിട്ടുണ്ട്. നാലാം ക്ലാസ് വരെയെ പഠിച്ചിട്ടുള്ളൂവെങ്കിലും വിദേശത്തു പോകാൻ അമ്മച്ചിക്ക് ഭാഷ ഒരു തടസ്സമേ ആയില്ല. 76–ാമത്തെ വയസ്സിൽ ജർമനിയിലേക്കായിരുന്നു ആദ്യ വിദേശയാത്ര.
ജർമനിയിൽനിന്ന് നേരെ റോമിലേക്ക്. വത്തിക്കാനിൽ മാർപാപ്പയുടെ കൈ മുത്തിയത് മറക്കാനാവാത്ത വലിയൊരു അനുഭവമായിരുന്നു അന്നക്കുട്ടി അമ്മച്ചിക്ക്. 95 –ാമത്തെ വയസ്സിൽ വിനീത് ശ്രീനിവാസൻ നായകനായ എബി എന്ന സിനിമയിൽ സൂരാജ് വെഞ്ഞാറമൂടിന്റെ അമ്മയായി അഭിനയിച്ചു. സിനിമയ്ക്കു മുൻപ് അന്നക്കുട്ടി പരസ്യത്തിലും അഭിനയിച്ചിട്ടുണ്ട്. പള്ളിയിൽ പോക്കും പറമ്പിലെ പണിയും മുടക്കിയിട്ടില്ല. അന്നക്കുട്ടി അമ്മച്ചിയുടെ മൃതദേഹം 13ന് രണ്ടിന് കുണിഞ്ഞി സെന്റ് ആന്റണീസ് പള്ളിയിൽ സംസ്കരിക്കും. ഭർത്താവ് പരേതനായ സൈമൺ.