വെള്ളിലാംകണ്ടത്ത് വീട്ടിൽ മോഷണം; മോഷണമുതൽ ആക്രിക്കടയിൽ
Mail This Article
കട്ടപ്പന ∙ കാഞ്ചിയാർ പഞ്ചായത്തിലെ വെള്ളിലാംകണ്ടത്തെ വീട്ടിൽനിന്ന് മോഷണം പോയ വസ്തുക്കൾ കട്ടപ്പനയിലെ ആക്രിക്കടയിൽനിന്ന് കണ്ടെത്തി. വെള്ളിലാംകണ്ടം ഓലാനിക്കൽ ഒ.എൻ.ബിജുമോന്റെ വീട്ടിൽ നിന്നു കാണാതായ പഴയ പാത്രങ്ങൾ അടക്കമുള്ള വസ്തുക്കളാണ് കണ്ടെത്തിയത്. കാമാക്ഷി എസ്‌ഐ എന്നറിയപ്പെടുന്ന കുപ്രസിദ്ധ കുറ്റവാളി കാമാക്ഷി വലിയപറമ്പിൽ ബിജു കുട്ടപ്പനാണ് പ്രതിയെന്ന് പൊലീസ് സ്ഥിരീകരിച്ചതായാണ് വിവരം.
വാടകയ്‌ക്കെടുത്ത പിക്കപ്പിലാണ് മോഷണ വസ്തുക്കൾ ആക്രിക്കടയിലെത്തിച്ചതെന്നു സ്ഥിരീകരിച്ച പൊലീസ് ഈ വാഹനവും കണ്ടെത്തി. വലിയ വാർപ്പ്, ചെമ്പ് കലം, ചെമ്പ് കുടം, ചെമ്പിന്റെ അണ്ടാവ്, ചെമ്പ് കലം, ചെമ്പ് തളിക, പഴയ തേപ്പുപ്പെട്ടി എന്നിവയടക്കമുള്ള വസ്തുക്കളാണ് മോഷണം പോയത്.
പിതാവിന്റെ ചികിത്സയ്ക്കായി ഞായറാഴ്ച രാവിലെ എട്ടോടെ ബിജു കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലേക്ക് പോയി. അതിനുശേഷമാകാം മോഷണം നടന്നതെന്നാണ് കരുതുന്നത്. വീട്ടിൽ അമ്മയും ഭാര്യയും മക്കളും മാത്രമാണുണ്ടായിരുന്നത്. തിങ്കളാഴ്ച രാവിലെയാണ് മോഷണം നടന്ന വിവരം കുടുംബാംഗങ്ങളുടെ ശ്രദ്ധയിൽപെട്ടത്. തുടർന്ന് പൊലീസിൽ വിവരമറിയിക്കുകയും ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തുകയും ചെയ്തിരുന്നു.