മൂൺമല ഇടിച്ചുനിരത്തൽ: അന്വേഷണസംഘം എത്തും മുൻപ് യന്ത്രങ്ങൾ മാറ്റി
Mail This Article
വാഗമൺ∙ മൂൺമല ഇടിച്ചുനിരത്തുന്നതിലെ ആശങ്ക ചൂണ്ടിക്കാട്ടി കൈതപ്പതാൽ പൗരസമിതി ഏലപ്പാറ പഞ്ചായത്തിൽ നൽകിയ പരാതി ചോർന്നു. ഉദ്യോഗസ്ഥ സംഘം അന്വേഷിക്കുന്നതിന് എത്തും മുൻപ് കുന്നിടിക്കാൻ ഉപയോഗിച്ചിരുന്ന യന്ത്രങ്ങൾ ഇവിടെനിന്നു മാറ്റി. ദിവസങ്ങളായി യന്ത്രം ഉപയോഗിച്ചുള്ള പ്രവർത്തനങ്ങളെ തുടർന്ന് കുന്നിന്റെ ഒരു ഭാഗം അടർന്നു മാറിയിരുന്നു. ഇതോടെ താഴ്‌വാരത്ത് താമസിക്കുന്ന കൈതപ്പതാൽ നിവാസികളായ 200 കുടുംബങ്ങൾ കടുത്ത ആശങ്കയിലായി. ഇവർ പൗരസമിതി രൂപീകരിച്ച് അധികാര കേന്ദ്രങ്ങളിൽ പരാതി നൽകിയെങ്കിലും ഫലപ്രദമായ ഇടപെടൽ ഉണ്ടായില്ല. മലയുടെ ഒരു ഭാഗം പൂർണമായും നീക്കം ചെയ്തതോടെ നാട്ടുകാർ സമരം പ്രഖ്യാപിച്ചു. ഇതോടെ ഏലപ്പാറ പഞ്ചായത്ത് അധികൃതർ അന്വേഷണത്തിനെത്തി. എന്നാൽ ഉദ്യോഗസ്ഥർ എത്തുന്നതിനു തൊട്ടുമുൻപ് സ്ഥലത്തുനിന്ന് മണ്ണുമാന്തി യന്ത്രം കാണാതായി. മണ്ണ് ഇടിക്കുന്നത് നിർത്തി വയ്ക്കാൻ നിർദേശം നൽകുമെന്ന് അറിയിച്ചാണ് ഉദ്യോഗസ്ഥസംഘം മടങ്ങിയത്.
സർക്കാർ ബോർഡ് നീക്കം ചെയ്തു
മൂൺമല തകർത്തത് സർക്കാർ ബോർഡ് എടുത്തു മാറ്റിയ ശേഷം. അനധികൃത കയ്യേറ്റം കണ്ടെത്തിയ ശേഷം റവന്യു വകുപ്പ് സ്ഥാപിച്ച ബോർഡാണ് കാണാതായത്. വാഗമൺ വില്ലേജ് ഓഫിസിന്റെ അടുത്തു നടക്കുന്ന ഈ കടുത്ത നിയമലംഘനം കാട്ടി പൗരസമിതി പരാതി നൽകിയെങ്കിലും റവന്യു വകുപ്പ് മൗനം തുടരുകയായിരുന്നു. പൗരസമിതി ശക്തമായി രംഗത്തു വന്നതോടെ പഞ്ചായത്തിനെ സമീപിക്കാനായി നിർദേശം. എന്നാൽ സർക്കാർ ബോർഡ് കാണാതായതു സംബന്ധിച്ച് അന്വേഷണത്തിനു റവന്യു വകുപ്പ് ഇതുവരെ തയാറായിട്ടില്ല.
ദുരന്തങ്ങൾ കണ്ണ് തുറപ്പിക്കുന്നില്ല
വലിയ പ്രകൃതിദുരന്തത്തിനു വഴിവയ്ക്കുന്ന തരത്തിൽ മൂൺമല തകർത്തത് തടയാൻ ഇവിടെ നിയമം ഇല്ലേയെന്ന് കൈതപ്പതാൽ നിവാസികൾ ചോദിക്കുന്നു. തങ്ങളുടെ പരാതികളും പ്രതിഷേധങ്ങളും മുഖവിലയ്ക്കെടുക്കാൻ അധികാരികൾ തയാറായില്ലെന്നാണ് നാട്ടുകാരുടെ പരാതി. മല ഇടിക്കുന്നത് കണ്ടിട്ടും ഭരണ - പ്രതിപക്ഷ പാർട്ടികൾ അനങ്ങാപ്പാറ നയം സ്വീകരിക്കുകയായിരുന്നു. പൊതുവേ ശക്തമായ മഴ ലഭിക്കുന്ന പ്രദേശത്ത് മണ്ണിടിച്ചിൽ പതിവാണ്. വിണ്ടുകീറിയ മലനിരയുടെ അവശേഷിക്കുന്ന ഭാഗം നിലം പൊത്തുമെന്നത് ചെറിയ ഭയമല്ല നാട്ടുകാർക്ക് സമ്മാനിച്ചിരിക്കുന്നത്.