നേര്യമംഗലം പാലത്തിന് സമീപം മണ്ണിടിച്ചിൽ; റോഡിൽ ഗതാഗത നിയന്ത്രണം
Mail This Article
അടിമാലി ∙ കൊച്ചി– ധനുഷ്കോടി ദേശീയപാതയിൽ നേര്യമംഗലം പാലത്തിനു സമീപം മണ്ണിടിച്ചിൽ. ഗതാഗതം ഒറ്റ വരിയായി ക്രമീകരിച്ചു. ഇവിടെ നിർമിക്കുന്ന പുതിയ പാലത്തിന്റെ പണികളുമായി ബന്ധപ്പെട്ടാണ് നിലവിലുള്ള പാലത്തിന്റെ അപ്രോച്ച് റോഡ് ഭാഗത്ത് മണ്ണിടിഞ്ഞത്. അപകട സാധ്യത ഒഴിവാക്കുന്നതിനു വേണ്ടിയാണ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. പുതിയ പാലത്തിന്റെ നിർമാണം പൂർത്തിയാക്കാൻ വർഷങ്ങൾ വേണ്ടി വരും എന്നതിനാൽ മണ്ണിടിഞ്ഞ ഭാഗത്ത് സംരക്ഷണ ഭിത്തി നിർമിച്ച് ഗതാഗതം സുഗമമാക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്.
മൂന്നാറിലേക്കുള്ള സഞ്ചാരികളുടെ തിരക്ക് വർധിച്ചിരിക്കുന്ന സാഹചര്യത്തിൽ ഇവിടെ ഗതാഗത കുരുക്കിന് സാധ്യത വർധിച്ചിട്ടുണ്ട്.ശനി, ഞായർ ദിവസങ്ങളിൽ ഇതുവഴി കടന്നു പോകുന്ന സഞ്ചാരികളുടെ തിരക്ക് ഇപ്പോൾ തന്നെ വർധിച്ചിട്ടുണ്ട്. ക്രിസ്മസ് അവധി ആഘോഷിക്കാൻ സഞ്ചാരികൾ കൂടുതലായി എത്തുന്നതോടെ ഇവിടെ ഗതാഗതക്കുരുക്കും വർധിക്കും. ശബരിമലയിലേക്കുള്ള തീർഥാടകരും ധാരാളമായി ഇതുവഴിയാണ് സഞ്ചരിക്കുന്നത്. ഇത്തരം സാഹചര്യത്തിൽ ഗതാഗതക്കുരുക്കിനു പരിഹാരം കാണാൻ ഊന്നുകൽ, അടിമാലി പൊലീസ് അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്.