മൂന്നാറിൽ 20 മുതൽ ജനുവരി 3 വരെ ഹോട്ടൽ മുറികൾ കിട്ടാനില്ല; ഇത്തവണ തിരക്ക് കൂടുതൽ
Mail This Article
തൊടുപുഴ∙ ക്രിസ്മസ്, ന്യൂഇയർ സീസണിൽ ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളായ മൂന്നാർ, തേക്കടി, വാഗമൺ എന്നിവിടങ്ങളിലേക്ക് സഞ്ചാരികൾ ഒഴുകിയേക്കും. നിലവിൽ റിസോർട്ടുകളിലെയും ഹോട്ടലുകളിലെയും ബുക്കിങ്ങുകൾ സൂചിപ്പിക്കുന്നത് ഇതാണ്. കേരളത്തിന് പുറത്തുനിന്നുള്ള ആഭ്യന്തര സഞ്ചാരികളും വിദേശസഞ്ചാരികളും കൂടുതലായി എത്തുമെന്നാണ് പ്രതീക്ഷ. ഒട്ടേറെ ടൂറിസ്റ്റ് കേന്ദ്രങ്ങളുള്ള ജില്ലയിൽ ക്രിസ്മസ് സീസൺ തിരക്കേറിയതാകുമെന്ന പ്രതീക്ഷയിലാണ് ടൂറിസം മേഖലയിലെ വ്യാപാരികളും തൊഴിലാളികളും.
മൂന്നാറിൽ മധുവിധുക്കാലം
ക്രിസ്മസ് പുതുവത്സരാഘോഷങ്ങൾക്കായി മൂന്നാർ ഒരുങ്ങി. ഈ മാസം 20 മുതൽ ജനുവരി 3 വരെ മിക്ക ഹോട്ടലുകളിലും മുറികൾ ഇതിനോടകം സഞ്ചാരികൾ മുൻകൂറായി ബുക്ക് ചെയ്തു കഴിഞ്ഞു. മുൻവർഷങ്ങളെ അപേക്ഷിച്ച് ഇത്തവണ ക്രിസ്മസ് പുതുവത്സര സീസണിൽ തിരക്ക് കൂടുതലാണ്. വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ വിവാഹ സീസണായതിനാൽ ഇത്തവണ ഹണിമൂണിനാണ് ഏറ്റവുമധികം മുറികൾ ബുക്ക് ചെയ്തിരിക്കുന്നത്. തമിഴ്നാട്, കർണാടക എന്നിവിടങ്ങളിൽ നിന്നുള്ളവരും മലയാളികളും മുറികൾ ബുക്ക് ചെയ്തിട്ടുണ്ട്. വൻകിട ഹോട്ടലുകളിലെല്ലാം ക്രിസ്മസ്, പുതുവത്സര രാത്രികളിൽ ബുഫെ ഡിന്നറുകളും ഡിജെ ഉൾപ്പെടെ സംഗീത പരിപാടികളും ഉണ്ട്
വാഗമൺ നിറയും
വാഗമൺ, പരുന്തുംപാറ, കുട്ടിക്കാനം, പാഞ്ചാലിമേട് വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ അവധി ആഘോഷത്തിനായി മാസങ്ങൾ മുൻപ് തന്നെ സഞ്ചാരികൾ മുറികൾ റിസർവ് ചെയ്തിട്ടുണ്ട്. വാഗമണ്ണിൽ തമിഴ്നാട്ടിൽ നിന്ന് ആണ് കൂടുതൽ ടൂറിസ്റ്റുകളുടെ ബുക്കിങ് എത്തിയിരിക്കുന്നത്. റിസോർട്ടുകൾ, ലോഡ്ജുകൾ, ഹോംസ്റ്റേകൾ എന്നിവിടങ്ങളിൽ അറ്റകുറ്റപ്പണികൾ, പെയ്ന്റിങ് എന്നിവ ഏതാണ്ട് പൂർത്തിയായി. എന്നാൽ കാലാവസ്ഥയിൽ അടിക്കടി ഉണ്ടാകുന്ന മാറ്റങ്ങൾ പ്രതിസന്ധി സമ്മാനിക്കുമോ എന്ന ആശങ്ക ടൂറിസം കേന്ദ്രങ്ങളിൽ ശക്തമാണ്. ഇടവിട്ടുള്ള മഴ വാഗമണ്ണിലേക്കുള്ള സഞ്ചാരികളുടെ വരവിനെ തടസ്സപ്പെടുത്തുമോ എന്നാണ് കണ്ടറിയേണ്ടത്.
തേക്കടിയിലും തിരക്കേറും
ക്രിസ്മസ്, പുതുവത്സരാഘോഷങ്ങൾക്ക് തേക്കടിയിൽ സഞ്ചാരികളുടെ തിരക്കേറും. ഈ മാസം 18 വരെ ഹോട്ടലുകളിൽ കാര്യമായ ബുക്കിങ് ഇല്ലെങ്കിലും അതിന് ശേഷം മിക്കവാറും എല്ലാ ഹോട്ടലുകളിലും തിരക്കുണ്ട്. മുൻകാലങ്ങളിൽ വലിയ തോതിൽ പുതുവത്സരാഘോഷങ്ങൾ പലരും സംഘടിപ്പിച്ചിരുന്നു. എന്നാൽ ഇപ്പോൾ ചില സ്വകാര്യ റിസോർട്ടുകൾ അവരുടെ അതിഥികൾക്കായി ആഘോഷങ്ങൾ സംഘടിപ്പിക്കാറുണ്ടെങ്കിലും മറ്റുള്ളവർക്ക് പ്രവേശനമില്ല. തേക്കടിയിലെ ബോട്ടിങ്, ട്രെക്കിങ്, പ്ലാന്റേഷൻ വിസിറ്റ്, ജീപ്പ് സവാരി, കഥകളി, കളരിപ്പയറ്റ് തുടങ്ങിയ പരിപാടികൾക്കാണ് സഞ്ചാരികൾ സമയം ചെലവഴിക്കുക.
മറയൂരിൽ കനത്ത തണുപ്പും മൂടൽമഞ്ഞും
മറയൂർ∙ കനത്ത തണുപ്പിനൊപ്പം മറയൂരിൽ മൂടൽമഞ്ഞും ശക്തമായ മഴയും. ഡിസംബർ പകുതിയായപ്പോൾ തന്നെ ശീതകാല കാലാവസ്ഥ പൂർണമായി ആരംഭിച്ചു. രണ്ടാഴ്ച മുൻപ് മൂടൽമഞ്ഞ് ഉണ്ടായിരുന്നെങ്കിലും കഴിഞ്ഞ ആഴ്ച പ്രദേശത്ത് തെളിഞ്ഞ കാലാവസ്ഥ ആയിരുന്നു. ഇന്നലെ അതിരാവിലെ മുതൽ കനത്തമഴ തുടങ്ങി. പിന്നാലെ മൂടൽമഞ്ഞുമെത്തി.
പകൽ പോലും കൊടുംതണുപ്പാണ് പ്രദേശത്ത്. ക്രിസ്മസ്–പുതുവത്സര അവധി തുടങ്ങുന്നതോടെ അടുത്ത ആഴ്ച മുതൽ വിനോദസഞ്ചാരികൾ എത്തിത്തുടങ്ങും. കാലാവസ്ഥ അറിഞ്ഞ് ഇപ്പോൾ തന്നെ അന്യസംസ്ഥാനത്തുള്ളവർ മറയൂർ പ്രദേശത്തേക്കായി എത്തുന്നുണ്ട്. ഇത്തവണ സീസണിൽ കൂടുതൽ പേർ പ്രദേശത്ത് എത്തുമെന്നാണ് നാട്ടുകാരുടെ പ്രതീക്ഷ.