‘ആഹാ കൊള്ളാം, ഗംഭീരം’; കെഎസ്ആർടിസി സ്റ്റാൻഡിലെ പൊതിച്ചോർ വിൽപനയിലൂടെ വരുമാനം നേടി യുവതി
Mail This Article
തൊടുപുഴ ∙ ഫാൻസി കടയിലെ വരുമാനം നിലച്ചപ്പോൾ ഇനി അടുത്തത് എന്തെന്ന് ആലോചിച്ചിരിക്കുന്ന സമയത്താണ് അനുകലയുടെ ഉച്ചഭക്ഷണം കെഎസ്ആർടിസിയിൽ ജോലിചെയ്യുന്ന സുഹൃത്ത് കഴിക്കാൻ ഇടയായത്. ‘ആഹാ കൊള്ളാം, ഗംഭീരം’... ഞങ്ങൾക്കുകൂടി ഉച്ചയ്ക്ക് ഇതുപോലെ ഉണ്ടാക്കി കൊണ്ടുവരാമോ? എന്ന സുഹൃത്തിന്റെ വാക്കുകളാണ് പെരുമാങ്കണ്ടം തഴുവുംകുന്ന് പാറയ്ക്കൽ വീട്ടിലെ ജി.അനുകലയെ (44) തൊടുപുഴ കെഎസ്ആർടിസി സ്റ്റാൻഡിൽ പൊതിച്ചോർ വിൽപനയിലേക്ക് എത്തിച്ചത്. സുഹൃത്ത് തമാശയ്ക്കു പറഞ്ഞതാണെങ്കിലും പാചകം അറിയാവുന്ന അനുകലയ്ക്കു മറ്റൊന്നും ചിന്തിക്കേണ്ടി വന്നില്ല. ഇന്ന് അനുകലയുടെ വരുമാനം പൊതിച്ചോർ വിറ്റുകിട്ടുന്ന തുകയാണ്.
ഒരു മാസത്തോളമായി വിൽപന തുടങ്ങിയിട്ട്. തുടക്കത്തിൽ ജീവനക്കാർക്കു മാത്രമായി 10 പൊതികൾ വിറ്റിരുന്നെങ്കിൽ ഇന്ന് യാത്രക്കാർക്ക് ഉൾപ്പെടെ ദിവസേന മുപ്പതിലേറെ പൊതിച്ചോർ വിൽക്കുന്നുണ്ട്. ചോറ്, സാമ്പാർ, അവിയൽ, തോരൻ, അച്ചാർ, കൊണ്ടാട്ടം, മീൻ പൊരിച്ചത് ഉൾപ്പെടെ 60 രൂപയാണ് വില. രാവിലെ 11 മുതൽ ഉച്ചയ്ക്ക് 2 വരെയാണ് വിൽപന. ദൂരയാത്ര കഴിഞ്ഞ് വരുന്ന യാത്രക്കാർ ഉൾപ്പെടെ പൊതിച്ചോർ വാങ്ങിക്കാറുണ്ടെന്ന് അനുകല പറയുന്നു. ഭർത്താവ് പി.ആർ.സജിയും പൂർണ പിന്തുണയാണ് നൽകുന്നത്. മക്കൾ: എ.എസ്.ഗൗതം, എ.എസ്.ഗംഗ.