ചാെക്രമുടി: തടയണ മൂടേണ്ടെന്ന് അധികൃതർ
Mail This Article
രാജകുമാരി∙ ചാെക്രമുടിയിലെ കയ്യേറ്റ ഭൂമിയിൽ അനധികൃതമായി നിർമിച്ച തടയണ മൂടേണ്ട സാഹചര്യമില്ലെന്ന് സ്ഥലം സന്ദർശിച്ച മണ്ണ് സംരക്ഷണ വകുപ്പിലെയും മൈനർ ഇറിഗേഷൻ വകുപ്പിലെയും ഉദ്യോഗസ്ഥർ ബൈസൺവാലി പഞ്ചായത്തിനു നിർദേശം നൽകി. തടയണ നികത്തുന്നതിൽ പഞ്ചായത്ത് മണ്ണുസംരക്ഷണ, മൈനർ ഇറിഗേഷൻ വിഭാഗങ്ങളിൽനിന്ന് സാങ്കേതികോപദേശം തേടിയിരുന്നു.
പഞ്ചായത്ത് സെക്രട്ടറി എം.സുനി, ജില്ലാ മണ്ണ് സംരക്ഷണവിഭാഗം ഓഫിസർ എം.ജെ.ജേക്കബ്, മൈനർ ഇറിഗേഷൻ വിഭാഗം അടിമാലി സബ് ഡിവിഷൻ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ ഗിരീഷ് കുമാർ, പള്ളിവാസൽ സെക്‌ഷൻ അസിസ്റ്റന്റ് എൻജിനീയർ എ.ആർ.അഖിലേഷ് എന്നിവർ ഇന്നലെ ചാെക്രമുടിയിലെത്തി തടയണ പരിശോധിച്ചു.
തടയണയുടെ 3 മീറ്റർ വീതിയിലുള്ള ബണ്ട് 6 മാസം മുൻപുണ്ടായ മഴയിൽ തകർന്നിരുന്നു. പ്രദേശത്തുനിന്നു തന്നെ വീണ്ടും മണ്ണെടുത്തു തടയണ മൂടുന്നത് മഴക്കാലത്ത് മണ്ണിടിച്ചിലിന് കാരണമായേക്കാമെന്നും അതിനാൽ തടയണയിൽ നിന്നുള്ള ചാലിലൂടെ വെള്ളമാെഴുകുന്നത് തുടരുന്നതാണ് അനുയോജ്യമെന്നും സംയുക്തസംഘം വ്യക്തമാക്കി. തടയണയിൽ വെള്ളം സംഭരിക്കപ്പെടാത്തിനാൽ ഭീഷണിയില്ല.
വെള്ളം കെട്ടിനിൽക്കാതിരിക്കാൻ ബണ്ടിലും തടയണയുടെ അകത്തും ജിയോ സിന്തെറ്റിക് ക്ലെലൈനർ ഷീറ്റ് വിരിച്ച് പുല്ല്, രാമച്ചം, കൈത എന്നിവ പോലുള്ള സസ്യങ്ങൾ വച്ച് പിടിപ്പിക്കണമെന്നും വിദഗ്ധസംഘം നിർദേശിച്ചിട്ടുണ്ട്. വിദഗ്ധസംഘം നൽകിയ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ ജില്ലാ കലക്ടർക്ക് വിശദീകരണം നൽകുമെന്ന് പഞ്ചായത്ത് സെക്രട്ടറി എം.സുനി പറഞ്ഞു. ചാെക്രമുടിയിൽ റെഡ് സോണിലുൾപ്പെടുന്ന സ്ഥലത്തു മലമുകളിൽ നിന്നാെഴുകി വരുന്ന നീർച്ചാലിലെ വെള്ളം ശേഖരിക്കാനായി 20 മീറ്റർ നീളത്തിലും 10 മീറ്റർ വീതിയിലും 4 മീറ്റർ ആഴത്തിലുമാണ് തടയണ നിർമിച്ചിരുന്നത്.
ഒഴിപ്പിക്കൽ നടപടി വൈകുന്നു
ചാെക്രമുടി ഭൂമി കയ്യേറ്റത്തിൽ അന്വേഷണം പൂർത്തിയാക്കി കയ്യേറ്റമാെഴിപ്പിക്കുന്ന നടപടികൾ വൈകുന്നു എന്നാരോപിച്ച് ചാെക്രമുടി സംരക്ഷണസമിതി ജില്ലാ കലക്ടർക്ക് പരാതി നൽകി. ഇന്നലെ ദേവികുളം ആർഡിഒ ഓഫിസിലെത്തിയ ജില്ലാ കലക്ടർ വി.വിഘ്നേശ്വരിക്ക് ചാെക്രമുടി കാണി ശ്രീകുമാരസ്വാമി, ചാെക്രമുടി സംരക്ഷണ സമിതി വൈസ് ചെയർമാൻ സി.ബി.ബൈജു എന്നിവർ രേഖാമൂലം പരാതി നൽകി. ചാെക്രമുടിയിൽ നിർമിച്ച തടയണ താഴ്‌ഭാഗത്ത് താമസിക്കുന്ന കുടുംബങ്ങൾക്ക് ഭീഷണിയാണെന്നും ഇത് നികത്താൻ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് കാണി ശ്രീകുമാരസ്വാമി കലക്ടർക്ക് മറ്റാെരു പരാതി കൂടി നൽകി. തുടർ നടപടികൾ വേഗത്തിലാക്കുമെന്ന് കലക്ടർ ഉറപ്പ് നൽകിയതായി ചാെക്രമുടി സംരക്ഷണ സമിതി വ്യക്തമാക്കി.