'പെട്ടെന്ന് കേക്ക് മുന്നിലെത്തിയപ്പോൾ അമ്പരന്നു'; മണിയാശാന് സർപ്രൈസ് പിറന്നാളാഘോഷം
Mail This Article
നെടുങ്കണ്ടം∙ ഉടുമ്പൻചോലയുടെ മണിയാശാന് സർപ്രൈസ് പിറന്നാളാഘോഷം ഒരുക്കി നെടുങ്കണ്ടം പോളിടെക്നിക് കോളജ്. ഇന്നലെ 80–ാം പിറന്നാൾ ആഘോഷിച്ച എം.എം.മണി എംഎൽഎ നെടുങ്കണ്ടം പോളിടെക്നിക് കോളജിൽ നടന്ന നാഷനൽ സർവീസ് സ്കീമിന്റെ സംസ്ഥാന ശില്പശാലയിൽ ഉദ്ഘാടകനായി പങ്കെടുക്കവെയാണ് അപ്രതീക്ഷിത പിറന്നാൾ മധുരം കോളജ് അധികൃതർ സമ്മാനിച്ചത്.
പരിപാടിക്കിടെ വേദിയിലുണ്ടായിരുന്ന നെടുങ്കണ്ടം സഹകരണ ബാങ്ക് പ്രസിഡന്റ് ടി.എം.ജോൺ മണിയാശാന്റെ പിറന്നാളാണെന്ന വിവരം കോളജ് പ്രിൻസിപ്പൽ ജയൻ.പി.വിജയനോട് പങ്കുവച്ചു. മണിയാശാൻ അറിയാതെ തന്നെ അണിയറയിൽ പിറന്നാൾ ആഘോഷത്തിനുള്ള ഒരുക്കങ്ങൾ അപ്പോൾത്തന്നെ തുടങ്ങി. മിനിറ്റുകൾക്കുള്ളിൽ അധ്യാപകർ ചേർന്ന് കേക്ക് വേദിയിലെത്തിച്ചു.
അപ്രതീക്ഷിതമായി പെട്ടെന്ന് കേക്ക് മുന്നിലെത്തിയപ്പോൾ അമ്പരന്ന മണിയാശാൻ എല്ലാവർക്കും കേക്ക് മുറിച്ചു നൽകി. പിറന്നാൾ ആഘോഷിക്കാറില്ലെന്നും ഡയബറ്റിസ് ഉള്ളതിനാൽ കേക്ക് കഴിക്കില്ലെന്നും മണിയാശാന്റെ മറുപടി. പക്ഷേ, ഒരുനുള്ള് മധുരം കഴിച്ചാണ് അദ്ദേഹം വേദിവിട്ടത്. പരിപാടിയിൽ പങ്കെടുക്കാനെത്തിയ സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള അധ്യാപകർ എംഎൽഎക്ക് പിറന്നാളാശംസകൾ നേർന്നു. എല്ലാവർക്കുമൊപ്പം ചിത്രങ്ങൾ പകർത്തിയ ശേഷമാണ് മണിയാശാൻ മടങ്ങിയത്.