2 ദിവസങ്ങളായി കനത്ത മഴ: ഇടുക്കി ആനയിറങ്കൽ അണക്കെട്ട് നിറഞ്ഞൊഴുകി
Mail This Article
രാജകുമാരി∙ ആനയിറങ്കൽ അണക്കെട്ട് നിറഞ്ഞ് വെള്ളം സ്പിൽവേയിലൂടെ കവിഞ്ഞൊഴുകി. ജലനിരപ്പ് 1207.02 മീറ്റർ പിന്നിട്ടതോടെയാണ് ഇന്നലെ ഉച്ചയോടെ അണക്കെട്ടിന്റെ 3 സ്പിൽവേകളിലൂടെ വെള്ളം പന്നിയാറിലേക്കൊഴുകാൻ തുടങ്ങിയത്. സാധാരണ ഒക്ടോബറിൽ തുലാമഴ ശക്തമാകുന്നതോടെ ജല സമൃദ്ധമാകുന്ന അണക്കെട്ടിൽ നിന്നു ഡിസംബറോടെയാണ് വെള്ളം കവിഞ്ഞൊഴുകുന്നത്. 2 ദിവസങ്ങളായി വൃഷ്ടിപ്രദേശത്ത് കനത്ത മഴ ലഭിച്ചിരുന്നു.
മൺസൂൺ കാലത്ത് തമിഴ്നാടിന്റെ അതിർത്തി മേഖലകൾ ഉൾപ്പെടുന്ന അണക്കെട്ടിന്റെ വൃഷ്ടി പ്രദേശങ്ങളിൽ മഴ കുറവായതും അണക്കെട്ടിലേക്കു ചേരുന്ന വലിയ തോടുകളില്ലാത്തതുമാണ് ഇൗ സമയത്ത് വെള്ളം നിറയാത്തതിന് കാരണം. വേനൽക്കാലത്ത് കുത്തുങ്കൽ, പൊന്മുടി അണക്കെട്ടുകളിൽ വൈദ്യുതോൽപാദനത്തിന് ആവശ്യമായ വെള്ളം കുറയുമ്പോൾ മാത്രമാണ് പന്നിയാർ പദ്ധതിയുടെ സഹായ അണക്കെട്ടായ ആനയിറങ്കലിൽ നിന്ന് വെള്ളം തുറന്നു വിടാറുള്ളത്. ഫെബ്രുവരി മുതൽ ജൂൺ വരെ പല സമയങ്ങളിൽ അണക്കെട്ടിൽ നിന്നു വെള്ളം തുറന്നു വിടും. ഏഷ്യയിലെ ആദ്യത്തെ എർത്ത് ഡാമാണ് ആനയിറങ്കൽ അണക്കെട്ട്.