മഴയിൽ കുതിർന്ന് മലയോരം; കൊച്ചി–ധനുഷ്കോടി ദേശീയപാതയിൽ പാറകൾ വീണു
Mail This Article
തൊടുപുഴ ∙ ജില്ലയിൽ പരക്കെ മഴ. യെലോ അലർട്ട് നിലനിന്നിരുന്ന ഇന്നലെ തൊടുപുഴ ഉൾപ്പെടെ ലോറേഞ്ച് മേഖലകളിലും ഹൈറേഞ്ചിന്റെ വിവിധ ഭാഗങ്ങളിലും കാര്യമായ ഇടവേളയില്ലാതെ മഴ തുടർന്നു. രാത്രിയും മഴയ്ക്കു പൂർണ ശമനമായിട്ടില്ല. ഇന്നലെ രാവിലെ അവസാനിച്ച 24 മണിക്കൂറിൽ ജില്ലയിൽ പെയ്തതു ശരാശരി 36.28 മില്ലിമീറ്റർ മഴയാണ്. പീരുമേട് താലൂക്കിലായിരുന്നു കൂടുതൽ മഴ. കേന്ദ്ര കാലാവസ്ഥാവകുപ്പ് ജില്ലയിൽ ഇന്ന് മഴ മുന്നറിയിപ്പുകളൊന്നും നൽകിയിട്ടില്ലെങ്കിലും ഒറ്റപ്പെട്ടയിടങ്ങളിൽ മഴ തുടരുമെന്നാണ് പ്രവചനം. രണ്ടുദിവസത്തെ മഴയെത്തുടർന്ന് അണക്കെട്ടുകളിലേക്കുള്ള നീരൊഴുക്ക് കൂടി. ക്രിസ്മസ്–പുതുവത്സര സീസൺ അടുത്തതോടെ, മഴ തുടരുന്നത് വ്യാപാര, ടൂറിസം മേഖലയിൽ ആശങ്കയ്ക്ക് ഇടയാക്കുന്നുണ്ട്.
∙ വീടുകളിൽ വെള്ളം കയറി
നെടുങ്കണ്ടം ∙ അതിർത്തി മേഖലയിൽ കനത്തമഴയിൽ വ്യാപക നാശനഷ്ടം. കമ്പംമെട്ട്, രാമക്കൽമേട്, നെടുങ്കണ്ടം, തൂക്കുപാലം മേഖലകളിൽ വ്യാഴാഴ്ച വൈകിട്ട് തുടങ്ങിയ മഴ തുടരുകയാണ്. കനത്ത മഴയിൽ കല്ലാർ പുഴയിലും ഡാമിലും ജലനിരപ്പുയർന്നു. ബാലൻപിള്ളസിറ്റിക്ക് സമീപം വീടുകളിൽ വെള്ളം കയറി ഗൃഹോപകരണങ്ങൾ നശിച്ചു. കരുണാപുരം പഞ്ചായത്തിലെ അഞ്ചാം വാർഡിൽ ഉൾപ്പെട്ട കാക്കോനാൽ പ്രീത സജി, വട്ടപ്പാറ കെ.ടി.തോമസ് എന്നിവരുടെ വീടുകളിലാണ് വെള്ളം കയറിയത്. ഇരുവരുടെയും കിണറ്റിൽ വെള്ളം കയറി മോട്ടറുകളും നശിച്ചിട്ടുണ്ട്. നിർമാണം പുരോഗമിക്കുന്ന കമ്പംമെട്ട് -വണ്ണപ്പുറം മലയോര ഹൈവേയിൽ നിന്നുമാണ് വീടുകളിലേക്ക് വെള്ളം ഇരച്ചെത്തിയത്. മൂന്നടിയോളം ഉയർത്തി റോഡ് നിർമിച്ചെങ്കിലും മഴവെള്ളം ഒഴുകി പോകാനുള്ള ക്രമീകരണം ചെയ്തിട്ടില്ല.
ഇതോടെ റോഡിൽ നിന്നുള്ള വെള്ളം വീടുകളിലേക്ക് ഇരച്ചെത്തുകയാണ്. വീടുകൾക്കുള്ളിൽ രണ്ടടിയോളം വെള്ളം ഉയർന്നതോടെ ഗൃഹോപകരണങ്ങൾ പൂർണമായി നശിച്ചു. റവന്യു വകുപ്പ്, പഞ്ചായത്ത് അധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തി.കരുണാപുരം പഞ്ചായത്തിലെ രണ്ടാം വാർഡിൽ ഉൾപ്പെട്ട, തൂക്കുപാലം- രാമക്കൽമേട് റോഡിലെ കലുങ്ക് നവീകരണത്തിന്റെ ഭാഗമായി സ്ഥാപിച്ച നിർമാണ സാമഗ്രികളിലും മറ്റും മാലിന്യങ്ങൾ നിറഞ്ഞതോടെ ഒഴുക്ക് തടസ്സപ്പെട്ട് തോടിനു സമീപം താമസിക്കുന്ന ബ്ലോക്ക് നമ്പർ 430ൽ സി.ലാലുവിന്റെയും ചെല്ലമ്മയുടെയും വീടുകളിലേക്കും വെള്ളം കയറി. ഇവരുടെയും വീട്ടുപകരണങ്ങൾ നശിച്ചിട്ടുണ്ട്. ഇവിടെ ജലനിരപ്പുയർന്നതോടെ പാമ്പമുക്ക്-ശൂലപ്പാറ റോഡിലും വെള്ളം കയറി ഗതാഗതം പൂർണമായി തടസ്സപ്പെട്ടു.
∙ കൂറ്റൻ പാറകൾ റോഡിൽ
രാജകുമാരി ∙ കൊച്ചി–ധനുഷ്കോടി ദേശീയപാതയിൽ കേരള–തമിഴ്‌നാട് അതിർത്തിയായ ബോഡിമെട്ടിന് താഴെ തമിഴ്നാടിന്റെ ഭാഗമായ പതിനാെന്നാം ഹെയർ പിൻ വളവിൽ കനത്ത മഴയെ തുടർന്ന് കൂറ്റൻ പാറകൾ റോഡിലേക്ക് വീണ് ഗതാഗതം തടസ്സപ്പെട്ടു. ഇന്നലെ രാവിലെ 6 നാണ് മലവെള്ളപ്പാച്ചിലിനാെപ്പം 2 കൂറ്റൻ പാറകൾ റോഡിലേക്ക് വീണത്. ഒരു ടാക്സി വാഹനം കടന്നുപോയ ഉടനെയായിരുന്നു പാറ വീണത്. പിന്നാലെ വന്ന താെഴിലാളികളുടെ വാഹനവും തലനാരിഴയ്ക്കാണ് അപകടത്തിൽനിന്ന് രക്ഷപ്പെട്ടത്. ഒരു മണിക്കൂറിന് ശേഷം വലുപ്പം കുറഞ്ഞ പാറ നീക്കി ചെറുവാഹനങ്ങൾക്ക് കടന്നു പോകാൻ സൗകര്യമാെരുക്കി. തമിഴ്നാട്ടിൽ നിന്നുള്ള പാെതുമരാമത്ത്, പാെലീസ് ഉദ്യോഗസ്ഥർ എത്തി 3 മണിക്കൂറിന് ശേഷം ഗതാഗതം പുനഃസ്ഥാപിച്ചു. മേഖലയിൽ അപകട ഭീഷണിയായി ഒട്ടേറെ പാറകൾ റോഡിന്റെ മുകൾ ഭാഗത്തുണ്ടെന്നാണ് ഡ്രൈവർമാർ പറയുന്നത്.
∙ ഗതാഗതതടസ്സം
കുമളി ∙ ശക്തമായ മഴയിൽ കുമളി-കമ്പം റോഡിൽ മരങ്ങൾ കടപുഴകി വീണ് ഗതാഗതം തടസ്സപ്പെട്ടു. കുമളിയ്ക്ക് സമീപം വനകാളിയമ്മൻ ക്ഷേത്രത്തിനോട് ചേർന്നുള്ള വളവിലാണ് ദേശീയ പാതയ്ക്ക് കുറുകെ 2 മരങ്ങൾ കടപുഴകി വീണത്. ശബരിമല തീർഥാടകരും തൊഴിലാളികളും ഉൾപ്പെടെയുള്ളവർ വഴിയിൽ കുടുങ്ങി. പിന്നീട് പൊലീസ് കമ്പംമെട്ട് വഴി വാഹനങ്ങൾ വഴിതിരിച്ചുവിട്ടു. 2 മണിക്കൂറിന് ശേഷമാണ് മരങ്ങൾ മുറിച്ചുമാറ്റി ഗതാഗതം പുനഃസ്ഥാപിക്കാനായത്. വ്യാഴാഴ്ച രാത്രി ആരംഭിച്ച മഴ ശമനമില്ലാതെ തുടർന്നതോടെയാണ് റോഡരികിൽ നിന്നിരുന്ന മരങ്ങൾ കടപുഴകിയത്. ശക്തമല്ലെങ്കിലും ഇന്നലെ പകലും മഴ നിലയ്ക്കാതെ പെയ്യുകയായിരുന്നു.
മുല്ലപ്പെരിയാർ ജലനിരപ്പ് ഒരടി ഉയർന്നു
കുമളി ∙ മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് വ്യാഴാഴ്ച രാത്രിയിലെ മഴയിൽ ഒരടി ഉയർന്നു. വ്യാഴാഴ്ച രാവിലെ 6 മുതൽ ഇന്നലെ രാവിലെ 6 വരെയുള്ള 24 മണിക്കൂറിൽ മുല്ലപ്പെരിയാർ അണക്കെട്ടിൽ 101 മില്ലിമീറ്റർ മഴയും തേക്കടിയിൽ 108.20 മില്ലിമീറ്റർ മഴയുമാണ് പെയ്തത്. 119.40 അടിയായിരുന്ന ജലനിരപ്പ് 121 അടിയായി ഉയർന്നു. അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്ന വെള്ളത്തിന്റെ അളവ് സെക്കൻഡിൽ 398 ഘനയടിയിൽ നിന്ന് 3153.11 ഘനയടിയെന്ന നിലയിലേക്ക് വർധിച്ചു.
ഇന്നലെ രാവിലെ അവസാനിച്ച 24 മണിക്കൂറിൽ ജില്ലയിൽ പെയ്ത മഴയുടെ അളവ്
താലൂക്ക് തിരിച്ച് (മില്ലിമീറ്ററിൽ)
തൊടുപുഴ– 20.2
ഇടുക്കി– 36.6
പീരുമേട്–52.0
ദേവികുളം–26.6
ഉടുമ്പൻചോല–46