കൊന്നത്തടിയിൽ മോഷണം വ്യാപകം; നടപടിയില്ല
Mail This Article
അടിമാലി ∙ വെള്ളത്തൂവൽ പൊലീസ് സ്റ്റേഷൻ പരിധിയിൽ വരുന്ന കൊന്നത്തടി പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ മോഷണം പതിവാകുന്നു. മോഷണ സംഘങ്ങൾക്കെതിരെ നടപടി സ്വീകരിക്കാത്ത പൊലീസിനെതിരെ വ്യാപക പ്രതിഷേധം.വ്യാഴാഴ്ച രാത്രി മുള്ളിരിക്കുടിയിലെ മലഞ്ചരക്ക് വ്യാപാര സ്ഥാപനത്തിൽനിന്ന് 240 കിലോ കുരുമുളക് കവർന്നതാണ് കൊന്നത്തടിയിൽ നടന്ന മോഷണ പരമ്പരയിൽ അവസാനത്തേത്. ഒപ്പം ടൗണിൽനിന്ന് ഓട്ടോയും മോഷ്ടാക്കൾ തട്ടിയെടുത്തെങ്കിലും എഴുകുംവയലിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. കഴിഞ്ഞ മേയ് 25ന് അഞ്ചാംമൈലിലെ 3 കടകളിൽ മോഷണം നടന്നു. മുക്കുടത്തുള്ള ട്രാൻസ്ഫോമറിൽനിന്നുള്ള വൈദ്യുത ബന്ധം വിഛേദിച്ച ശേഷമായിരുന്നു മോഷണം. 7 മാസം ആകുമ്പോഴും മോഷ്ടാക്കളെ കണ്ടെത്താൻ പൊലീസിന് കഴിഞ്ഞിട്ടില്ല.
ഇതിനു പിന്നാലെ ഒക്ടോബർ 20ന് കൊന്നത്തടി, അഞ്ചാംമൈൽ ടൗണുകളിൽ 5 വ്യാപാര സ്ഥാപനങ്ങളിൽ മോഷണം നടന്നു. മേയിൽ നടന്ന മോഷണവുമായി ഏറെ സാമ്യമുള്ള മോഷണമാണ് ഒക്ടോബറിലും നടന്നത്. കൊന്നത്തടിയിലും അഞ്ചാംമൈലിലുമുള്ള കെഎസ്ഇബി ട്രാൻസ്ഫോമറിലെ ഫ്യൂസ് ഊരി മാറ്റിയതിനു ശേഷമായിരുന്നു മോഷണം. കൊന്നത്തടിയിൽ നടന്ന മോഷണത്തിലെ പ്രതിയുടെ ചിത്രം നിരീക്ഷണ ക്യാമറയിൽ പതിഞ്ഞിരുന്നു. എന്നാൽ ഇതുവരെ പ്രതികളെ കണ്ടെത്താൻ പൊലീസിന് കഴിഞ്ഞിട്ടില്ല. ഇതിനു തുടർച്ചയായിട്ടാണ് മുള്ളിരിക്കുടിയിലും കഴിഞ്ഞ ദിവസം മോഷണം നടന്നിരിക്കുന്നത്.