ADVERTISEMENT

തൊടുപുഴ ∙ മങ്ങാട്ടുകവല ബസ് സ്റ്റാൻഡിലെ കുഴിയെല്ലാം മാറി ഇപ്പോൾ ഗർത്തമാണ്. വലിയ 3 ഗർത്തങ്ങളാണ് നിലവിൽ സ്റ്റാൻഡിന് അകത്തുള്ളത്. സ്റ്റാൻഡിലേക്കു കയറുന്ന ഭാഗത്ത് ആദ്യം രൂപപ്പെട്ട ചെറിയ കുഴികളാണ് വ്യാപ്തി കൂടി ഇന്ന് വലിയ ഗർത്തങ്ങളായി മാറിയിരിക്കുന്നത്. ആദ്യമൊക്കെ ബസുകൾ കുഴിയിൽ കയറിയിറങ്ങി പോകുമെങ്കിലും ഇപ്പോൾ അപകടസാധ്യത കാരണം മാറിയാണ് പോകുന്നത്. മഴ പെയ്താൽ കുഴികളിൽ മുട്ടോളം വെള്ളവും നിറയും. ഇത് പിന്നീട് വറ്റാൻ തന്നെ ദിവസങ്ങൾ വേണം. പക്ഷേ, ബസുകൾ കുഴിയിൽ കയറിയിറങ്ങാത്തതു കൊണ്ട് ചെളിവെള്ളം യാത്രക്കാരുടെ ദേഹത്തേക്കു തെറിക്കും എന്ന പേടിയില്ല. മുൻപ് അതും പ്രശ്നമായിരുന്നു.കിഴക്കൻ മേഖലകളിലേക്കുള്ള എല്ലാ ബസുകളും കയറിയിറങ്ങുന്ന ബസ് സ്റ്റാൻഡിന്റെ അവസ്ഥ ഇത്രത്തോളം മോശമായിട്ട് മാസങ്ങൾ പിന്നിട്ടു.

ആരു കണ്ടാലും ഇതൊന്നു ശരിയാക്കികൂടേ എന്നു പറയുമ്പോഴും നഗരസഭാധികൃതർക്കു മാത്രം യാതൊരു കുലുക്കവുമില്ല. ചെറിയ കുഴികളും ഒട്ടേറെയുണ്ട്. ഇതുകാരണം യാത്രക്കാർക്കും ബസുകൾക്കും നേരെചൊവ്വെ സ്റ്റാൻഡിന് അകത്തു കൂടി സഞ്ചരിക്കാൻ കഴിയാത്ത അവസ്ഥയാണ്.നടപടിയെടുക്കാൻ വൈകുന്നത് അപകടമുണ്ടാകാൻ കാത്തിരിക്കുകയാണോ എന്നാണ് യാത്രക്കാർ ചോദിക്കുന്നത്. ജില്ലാ ആശുപത്രി, ന്യൂമാൻ കോളജ് ഉൾപ്പെടെയുള്ള വിവിധ സ്ഥാപനങ്ങളിലേക്കായി വിദ്യാർഥികൾ ഉൾപ്പെടെ ഒട്ടേറെപ്പേരാണ് ദിനംപ്രതി സ്റ്റാൻഡിൽ എത്തുന്നത്. കൂടാതെ മറ്റു റൂട്ടുകളിലേക്കു പോകേണ്ട യാത്രക്കാരും ബസ് ഇറങ്ങി അടുത്ത ബസ് കാത്തു നിൽക്കുന്നതും ഇവിടെയാണ്.

English Summary:

Potholes at the Mangattu Kavala Bus Stand in Thodupuzha have become a major safety hazard for passengers. Despite their growing size and the potential for accidents, the municipal authorities have yet to take action, causing frustration among daily commuters.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com