മറയൂർ മേഖലയിൽ രണ്ടുദിവസമായി കനത്ത മഴ: ഉരുൾപൊട്ടി വ്യാപകനാശം
Mail This Article
മറയൂർ∙ മറയൂർ മേഖലയിൽ രണ്ടു ദിവസമായി പെയ്ത ശക്തമായ മഴയെത്തുടർന്നു ഉരുൾപൊട്ടി മലനിരകളിലെ ആദിവാസി കുടികളിൽ വ്യാപകനാശം. നൂറിലധികം ആദിവാസി കുടുംബങ്ങളുടെ ഉപജീവനമാർഗമായിരുന്ന ബീൻസ്, കൂർക്ക, വാഴ, പച്ചക്കറി കൃഷികൾ ഉരുൾപൊട്ടലിൽ നശിച്ചു. മറയൂർ പഞ്ചായത്തിലെ പുതുക്കുടിയും വെല്ലക്കൽകുടിയും ഒറ്റപ്പെട്ടു. വിവിധയിടങ്ങളിൽ റോഡുകൾ ഒലിച്ചുപോയി. മണ്ണിനടിയിലൂടെ സ്ഥാപിച്ചിരുന്ന വൈദ്യുതി ലൈനുകളും പലഭാഗങ്ങളിലും തകർന്നു.
ഓഫ്റോഡ് വാഹനങ്ങൾക്കു പോലും കയറാനാകാത്ത വിധം വഴികൾ തകർന്നതോടെ മറയൂരിൽ നിന്നു 14 കിലോമീറ്റർ അകലെയുള്ള രണ്ടു കുടികളിലെ ജനങ്ങൾ ഒറ്റപ്പെട്ട സ്ഥിതിയാണ്. 10 ഏക്കറിലധികം കൃഷിനാശം ഉണ്ടായതായാണു പ്രാഥമിക കണക്ക്. മറയൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോമോൻ തോമസ്, ചിന്നാർ അസി.വൈൽഡ് ലൈഫ് വാർഡൻ രാജശേഖരൻ, ബ്ലോക്ക് പഞ്ചായത്തംഗം വിജയ് കാളിദാസ്, മറ്റു വനം വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ ഉരുൾപൊട്ടലുണ്ടായ സ്ഥലങ്ങൾ സന്ദർശിച്ചു.