അവസാനമില്ലാതെ കാട്ടാനയാക്രമണം മനുഷ്യജീവന് വിലയില്ലേ?
Mail This Article
അടിമാലി ∙ നേര്യമംഗലം ഫോറസ്റ്റ് റേഞ്ച് ഓഫിസ് പരിധിയിൽ കാട്ടാനയാക്രമണത്തിൽ 10 മാസത്തിനിടെ മരിച്ചത് 2 പേർ. കാഞ്ഞിരവേലി മുണ്ടോകണ്ടത്തിൽ രാമകൃഷ്ണന്റെ ഭാര്യ ഇന്ദിര കഴിഞ്ഞ മാർച്ച് 3ന് കൃഷിയിടത്തിൽവച്ച് കാട്ടാനയുടെ ചവിട്ടേറ്റ് മരിച്ചു. ശനിയാഴ്ച വൈകിട്ട് ചെമ്പൻ കുഴിയിൽ കാട്ടാന റോഡിലേക്ക് മറിച്ചിട്ട പനയുടെ അടിയിൽപെട്ടാണ് ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന കോതമംഗലം എംഎ കോളജ് എൻജിനീയറിങ് വിദ്യാർഥിനി ആൻമേരി മരിച്ചത്. നേര്യമംഗലം ഫോറസ്റ്റ് റേഞ്ച് ഓഫിസിനു പരിധിയിൽ വരുന്ന നഗരംപാറ ഫോറസ്റ്റ് സ്റ്റേഷനു സമീപമാണ് വിദ്യാർഥിനി മരിക്കാനിടയായ ദാരുണ സംഭവം അരങ്ങേറിയത്.
കവളങ്ങാട് പഞ്ചായത്തിന്റെ 9–ാം വാർഡിൽപെട്ട പ്രദേശമാണ് ചെമ്പൻകുഴി. കാഞ്ഞിരവേലി, ചെമ്പൻകുഴി, മുള്ളരിങ്ങാട് ഉൾപ്പെടുന്ന വനമേഖലയോടു ചേർന്നുള്ള ജനവാസ മേഖലയിൽ രൂക്ഷമായ കാട്ടാന ശല്യം തുടങ്ങിയിട്ട് വർഷങ്ങൾ പിന്നിടുകയാണ്. ആനകളെ ഫലപ്രദമായി പ്രതിരോധിച്ച് വനമേഖലയിൽ നിലനിർത്താൻ വനംവകുപ്പ് നടപടി സ്വീകരിക്കാത്തതാണ് പ്രശ്നങ്ങൾ സങ്കീർണമായി തുടരാൻ കാരണമാകുന്നത്. അടുത്ത നാളിൽ മുള്ളരിങ്ങാട്, ചെമ്പൻകുഴി മേഖലകളിലെ ജനവാസ മേഖലയിൽ എത്തുന്ന കാട്ടാനകളെ തുരത്തി നേര്യമംഗലം വനത്തിലെ ഉൾ പ്രദേശങ്ങളിലേക്ക് എത്തിക്കുന്നതിനുള്ള ശ്രമം നടന്നെങ്കിലും വിജയിച്ചില്ല. ഇതിന്റെ ഭാഗമായി മുള്ളരിങ്ങാട്ടുനിന്നു തുരത്തിയ ആനകളിൽ ചിലത് ചെമ്പൻകുഴിയിൽ തമ്പടിച്ചിരിക്കുകയാണെന്ന് നാട്ടുകാർ പറഞ്ഞു.
വനമേഖലയിൽനിന്ന് ആനകൾ ജനവാസ മേഖലയിലേക്ക് എത്താതിരിക്കാൻ സോളർ വൈദ്യുതവേലി ഉൾപ്പെടെയുള്ള നിയന്ത്രണ മാർഗങ്ങൾ ഉണ്ടെങ്കിലും ഇവ സ്ഥാപിക്കാനുള്ള നടപടി വനംവകുപ്പ് സ്വീകരിക്കാത്തതാണ് ജനങ്ങളുടെ ദുരിതം വർധിക്കാൻ കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.കാഞ്ഞിരവേലിയിൽ ഇന്ദിര മരിച്ചതിനെ തുടർന്നുണ്ടായ ജനപ്രതിനിധികളുടെയും നാട്ടുകാരുടെയും പ്രതിഷേധം ശമിപ്പിക്കാൻ ഉടൻ സോളർ വേലി എന്ന പ്രഖ്യാപനവുമായി 3 മന്ത്രിമാർ അന്നുതന്നെ എത്തിയിരുന്നു, 9 മാസം പിന്നിടുമ്പോഴും സോളർ വേലി യാഥാർഥ്യമായിട്ടില്ല. ഇതെ തുടർന്ന് കാഞ്ഞിരവേലിയിൽ ഇപ്പോഴും കാട്ടാന ശല്യം രൂക്ഷമാണ്. വനംവകുപ്പിന്റെ കെടുകാര്യസ്ഥതയാണ് നേര്യമംഗലം, മുള്ളരിങ്ങാട് റേഞ്ച് ഫോറസ്റ്റ് ഓഫിസിനു പരിധിയിലുള്ള ജനവാസ മേഖലയിൽ കാട്ടാന ശല്യം രൂക്ഷമാകാൻ കാരണമായിരിക്കുന്നതെന്ന പരാതി ശക്തമാണ്.
ചെമ്പൻകുഴിയിൽ പ്രതിഷേധം
അടിമാലി ∙ കാട്ടാനയുമായി ബന്ധപ്പെട്ട് എൻജിനീയറിങ് വിദ്യാർഥി മരിക്കാനിടയായ സംഭവത്തിൽ ചെമ്പൻകുഴിയിൽ പ്രവർത്തിക്കുന്ന നഗരംപാറ ഫോറസ്റ്റ് ഓഫിസിലേക്ക് ജനപ്രതിനിധികളുടെ നേതൃത്വത്തിൽ നാട്ടുകാർ മാർച്ചും ധർണയും നടത്തി. പ്രതിഷേധക്കാരെ ഫോറസ്റ്റ് സ്റ്റേഷനു മുൻപിൽ പൊലീസ് തടഞ്ഞു. പ്രതിഷേധം നടക്കുമ്പോഴും ശനിയാഴ്ച നിലയുറപ്പിച്ച സ്ഥലത്ത് കാട്ടാന എത്തിയതായി നാട്ടുകാർ പറഞ്ഞു. നേതാക്കളുമായി മുവാറ്റുപുഴ ഡിവൈഎസ്‌പി, കോതമംഗലം തഹസിൽദാർ തുടങ്ങിയവർ നടത്തിയ ചർച്ചയ്ക്കു ശേഷമാണ് സമരം അവസാനിപ്പിച്ചത്.
എറണാകുളം കലക്ടറുടെ സാന്നിധ്യത്തിൽ ഇന്ന് ചർച്ച നടക്കും. കവളങ്ങാട് പഞ്ചായത്ത് മുൻ പ്രസിഡന്റ് സൈജന്റ് ചാക്കോ, പഞ്ചായത്ത് അംഗങ്ങൾ സന്ധ്യ ജയ്സൺ, ജിൻസി മാത്യു, നീണ്ടപാറ കത്തോലിക്ക പള്ളി വികാരി ഫാ.ജോൺ ഓണെലിൽ, ചെമ്പൻകുഴി യാക്കോബായ പള്ളി വികാരി ഫാ. ബെൻ സ്റ്റീഫൻ മാത്യു കല്ലുങ്കൽ, കത്തോലിക്കാ കോൺഗ്രസ് രൂപത പ്രസിഡന്റ് സണ്ണി കടുത്താഴെ, ജയ്മോൻ ജോസ്, ഇ.എം.സജീവ്, എ.സി.രാജശേഖരൻ എന്നിവർ പ്രസംഗിച്ചു.