പെരുമ്പിള്ളിച്ചിറ കനാൻ റോഡ്: അങ്ങേയറ്റം കഷ്ടം
Mail This Article
തൊടുപുഴ ∙ തകർന്നുകിടക്കുന്ന പെരുമ്പിള്ളിച്ചിറ കനാൻ റോഡ് അറ്റകുറ്റപ്പണി നടത്തണമെന്ന ആവശ്യം ശക്തമാകുന്നു. കുണ്ടും കുഴിയും നിറഞ്ഞ് റോഡ് പൂർണമായി തകർന്നിട്ടു ഒരു വർഷത്തോളമായി. 20 വർഷത്തോളമായി റോഡിന്റെ അറ്റകുറ്റപ്പണി നടന്നിട്ട്. റോഡ് മുഴുവൻ ചെറുതും വലുതുമായി ഒട്ടേറെ കുഴികളാണു രൂപപ്പെട്ടിട്ടുള്ളത്. ഇതോടെ നിലവിൽ കാൽനടയാത്ര പോലും ദുഷ്കരമാണ്. ജല ജീവൻ പദ്ധതിയുടെ ഭാഗമായി ജല അതോറിറ്റിയുടെ പൈപ്പ് ഇടൽ പണികൾ കൂടി നടന്നതോടെയാണ് റോഡിന്റെ അവസ്ഥ പൂർണമായി മോശമായത്.മാത്രമല്ല റോഡിന്റെ ഭൂരിഭാഗവും ടാർ ഇളകി മെറ്റലുകൾ ചിതറി കിടക്കുന്ന അവസ്ഥയാണ്.
ഇത് ഇരുചക്രവാഹനങ്ങൾക്കും ഏറെ അപകടഭീഷണിയാണ് ഉണ്ടാക്കുന്നത്. മെറ്റലുകൾ ഇളകി മാറിയ ഭാഗത്തുകൂടി മഴ പെയ്താൽ ചെളി കാരണം നടക്കാനും കഴിയില്ലെന്നു മാത്രമല്ല റോഡിനു വീതി കുറവായതിനാൽ കുഴികളിൽ നിറയുന്ന വെള്ളം വാഹനങ്ങൾ പോകുമ്പോൾ കാൽനടയാത്രക്കാരുടെ ദേഹത്തേക്കു തെറിക്കുകയും ചെയ്യും. റോഡിന്റെ പലഭാഗത്തും തെരുവ്‌വിളക്ക് പ്രകാശിക്കാത്തതിനാൽ ഇതുവഴിയുള്ള രാത്രി യാത്ര വലിയ കഷ്ടമാണ്. അതേസമയം റോഡിന്റെ നവീകരണത്തിനായി എംഎൽഎ ഫണ്ടിൽ നിന്ന് 10 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. എന്നാൽ ടെൻഡർ നടപടി വൈകുന്നതിനുള്ള കാലതാമസമാണ് റോഡ് പണി നീളാൻ കാരണമെന്നാണു പഞ്ചായത്ത് അധികൃതർ പറയുന്നത്.