കെഎസ്ആർടിസി വിനോദയാത്ര ബസ് കുടുങ്ങിയത് 10 മണിക്കൂർ; വിശപ്പകറ്റാൻ നാട്ടുകാർ പാതിരാത്രിയിൽ നൽകി കപ്പയും ചമ്മന്തിയും
Mail This Article
അടിമാലി ∙ കെഎസ്ആർടിസി ജംഗിൾ സർവീസിൽ വിനോദസഞ്ചാരത്തിനെത്തിയ കൊരട്ടിയിൽ നിന്നുള്ള സംഘം മാങ്കുളം ആനക്കുളത്തിനു സമീപം കുവൈത്ത് സിറ്റിയിൽ വാഹനം തകരാറിലായതിനെ തുടർന്ന് കുടുങ്ങിയത് 10 മണിക്കൂർ. ഞായർ ഉച്ചയ്ക്കു 2ന് തകരാറിലായ വാഹനത്തിനു പകരം വണ്ടി എത്തിയത് രാത്രി 12ന്. ഇതോടെ ദുരിതത്തിലായത് വയോധികരും കുട്ടികളും ഉൾപ്പെടുന്ന 45 അംഗ സംഘം. നാട്ടുകാർ പാതിരാത്രിയിൽ പച്ചക്കപ്പ പാകപ്പെടുത്തിയും മുളക് ചമ്മന്തി തയാറാക്കിയും നൽകിയതാണ് വിശന്നുവലഞ്ഞ സഞ്ചാരികൾക്ക് ആശ്വാസമായത്. കെഎസ്ആർടിസി ചാലക്കുടി ഡിപ്പോയിൽ നിന്നുള്ള വാഹനത്തിൽ ഞായറാഴ്ച രാവിലെയാണ് കൊരട്ടിയിൽ നിന്നുള്ള വിനോദസഞ്ചാരികൾ മാമലക്കണ്ടം, കൊരങ്ങാട്ടി, ആനക്കുളം, മാങ്കുളം വഴി മൂന്നാറിലേക്കു യാത്ര തിരിച്ചത്.
പ്രഭാതഭക്ഷണം, ഉച്ചഭക്ഷണം, വൈകിട്ട് ലഘുഭക്ഷണം ഉൾപ്പെടെ 47,500 രൂപയാണ് സഞ്ചാരികളിൽ നിന്ന് കെഎസ്ആർടിസി ഈടാക്കിയത്. ഉച്ചയ്ക്ക് 2 മണിയോടെ യാത്ര ആനക്കുളത്തിനു സമീപം കുവൈത്ത് സിറ്റിയിൽ എത്തിയപ്പോൾ ഭക്ഷണം കഴിക്കാൻ വാഹനം നിർത്തി. തുടർന്ന് യാത്ര തുടരാൻ സഞ്ചാരികൾ വാഹനത്തിൽ കയറിയതോടെ വാഹനം തകരാറിലായി. ബസ് ജീവനക്കാർ മൂന്നാർ ഡിപ്പോയിൽ വിവരം അറിയിച്ചു. 6 മണിയോടെ മൊബൈൽ വാഹനത്തിൽ വർക്‌ഷോപ് ജീവനക്കാരെത്തി കേടുപാടുകൾ പരിഹരിക്കാൻ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല.
തുടർന്ന് പകരം വാഹനം ആവശ്യപ്പെട്ട് മൂന്നാറിൽ വിളിച്ചെങ്കിലും സ്പെയർ വാഹനം ഇല്ലെന്ന മറുപടിയാണ് ലഭിച്ചതെന്ന് സഞ്ചാരികൾ പറഞ്ഞു.രാത്രി മൂന്നാറിൽ എത്തിയ അങ്കമാലി ഡിപ്പോയിൽ നിന്നുള്ള വാഹനം കുവൈത്ത് സിറ്റിയിലേക്ക് അധികൃതർ പറഞ്ഞയച്ചു. രാത്രി 12ന് എത്തിയ വാഹനത്തിൽ കയറുന്നതിനു മുൻപ്, തങ്ങൾക്കുണ്ടായ ബുദ്ധിമുട്ടുകൾക്കു പരിഹാരം കാണണമെന്ന ആവശ്യവുമായി സഞ്ചാരികൾ രംഗത്തെത്തി. നാട്ടുകാരും ഒപ്പം ചേർന്നതോടെ 15,000 രൂപ തിരികെ നൽകി പ്രശ്നം പരിഹരിച്ചു. ഒടുവിൽ വിനോദസഞ്ചാരം പാതിവഴിയിൽ ഉപേക്ഷിച്ച് സഞ്ചാരികൾ കൊരട്ടിയിലേക്ക് മടങ്ങി.