നാട്ടുകാരെ മലിനജലം കുടിപ്പിച്ചത് പോരാഞ്ഞ് തമിഴ്നാടിനും കൊടുത്തു, ‘പണി’
Mail This Article
കുമളി∙ മഴ പെയ്താൽ കുമളി ടൗണിലെ മാലിന്യങ്ങൾ മുല്ലപ്പെരിയാർ കനാലിലേക്ക്; ജനങ്ങൾക്കും വന്യമൃഗങ്ങൾക്കും ഭീഷണിയായി മാറുന്ന മാലിന്യം നിറഞ്ഞ തോട്ടിലെ വെള്ളം ശുചീകരിക്കാൻ ആനവച്ചാലിൽ ശുചീകരണ പ്ലാന്റ് എന്ന ആവശ്യം അധികൃതർ അവഗണിക്കുന്നു. കേരളത്തിൽ കുമളി, ചക്കുപള്ളം പഞ്ചായത്തുകളിലും തമിഴ്നാട്ടിലെ 5 ജില്ലകളിലും ശുദ്ധജല വിതരണത്തിന് ഈ കനാലിലെ വെള്ളമാണ് ഉപയോഗിക്കുന്നത്. കനാലിലേക്ക് മാലിന്യങ്ങൾ ഒഴുക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് തമിഴ്‌നാട് പല തവണ കുമളി പഞ്ചായത്ത് സെക്രട്ടറിക്ക് കത്ത് നൽകിയിട്ടുണ്ട്.
കുമളി റോസാപ്പൂക്കണ്ടത്തുനിന്ന് ആരംഭിച്ച് ടൗണിലെ കടകൾക്കു പിന്നിലൂടെ ഒഴുകുന്ന തോടും ചെളിമട - ഒന്നാം മൈൽ ഭാഗങ്ങളിൽ നിന്ന് എത്തുന്ന തോടുമാണ് മാലിന്യവാഹികളായി മാറിയിരിക്കുന്നത്. ആനവച്ചാലിലെ മുളങ്കാടുകളിൽ ഈ തോടുകൾ സംഗമിച്ച് കനാലിലേക്ക് ഒന്നായി ഒഴുകിയെത്തും. പ്ലാസ്റ്റിക്കും ശുചിമുറി മാലിന്യങ്ങളുമെല്ലാം വഹിച്ചുകൊണ്ടാണ് തോട് മുല്ലപ്പെരിയാർ അണക്കെട്ടിൽ നിന്ന് തമിഴ്നാട് വെള്ളം കൊണ്ടു പോകുന്ന കനാലിൽ പതിക്കുന്നത്. പ്ലാസ്റ്റിക് മാലിന്യങ്ങൾ തടഞ്ഞു നിർത്താൻ തമിഴ്നാട് 2 ഇരുമ്പ് ഗേറ്റുകൾ സ്ഥാപിച്ചിട്ടുണ്ട്. പക്ഷേ വെള്ളത്തിൽ കലരുന്ന ശുചിമുറി മാലിന്യങ്ങളും മറ്റു മാലിന്യങ്ങളും ഒഴിവാക്കപ്പെടുന്നില്ല. ഈ മലിനജലം കുടിച്ച് മ്ലാവ് ഉൾപ്പെടെയുള്ള വന്യമൃഗങ്ങൾ ചത്ത സംഭവങ്ങളുണ്ട്.
ആനവച്ചാൽ ഭാഗത്ത് ശുചീകരണ സംവിധാനം ഏർപ്പെടുത്തി മലിനജലം വനമേഖലയിലേക്ക് കടക്കാതെ തടയാനുള്ള ചില ആലോചനകൾ വനം വകുപ്പ് മുൻപ് നടത്തിയിരുന്നു. എന്നാൽ ഉദ്യോഗസ്ഥർ മാറുന്നതനുസരിച്ച് പദ്ധതികളും മാറുന്ന വകുപ്പിൽ നിന്നു നടപടി ഉണ്ടായില്ല. ശുചീകരണ സംവിധാനം ഭാരിച്ച സാമ്പത്തിക ബാധ്യതയ്ക്കു കാരണമായേക്കും എന്നതിനാൽ പഞ്ചായത്തും ഇക്കാര്യത്തിൽ മൗനം പാലിക്കുകയാണ്. ഇതിനിടെ ശുചീകരണ പ്ലാന്റ് തങ്ങൾ സ്ഥാപിക്കാം എന്ന നിർദേശവുമായി തമിഴ്നാട് രംഗത്തെത്തിയിട്ടുണ്ട്. ഇവർ 2 തവണ കുമളി പഞ്ചായത്തിനു മുന്നിൽ ഈ നിർദേശവുമായി എത്തിയിരുന്നു. എന്നാൽ തമിഴ്നാടിന് അനുമതി നൽകിയാൽ ഭാവിയിൽ വലിയ നിയമക്കുരുക്കുകൾ ഉണ്ടായേക്കും എന്നതിനാൽ പഞ്ചായത്ത് ഇക്കാര്യത്തിൽ മറുപടി നൽകിയിട്ടില്ല.