ബൈസൺവാലിയിൽ വീണ്ടും സൂര്യകാന്തി വസന്തം; ഒരേക്കറോളം സ്ഥലത്ത് പൂവിട്ടു
Mail This Article
രാജകുമാരി∙ ബൈസൺവാലിയിൽ വീണ്ടും സൂര്യകാന്തി വസന്തം. ബൈസൺവാലി – രാജാക്കാട് റോഡിൽ നാൽപതേക്കറിനു സമീപമാണ് ഒരേക്കറോളം സ്ഥലത്ത് സൂര്യകാന്തി പൂവിട്ടു നിൽക്കുന്നത്. ബൈസൺവാലി പുതിയവീട്ടിൽ ജിജോയാണ് സ്വന്തം ഭൂമിയിൽ സൂര്യകാന്തി കൃഷി ചെയ്തത്. കഴിഞ്ഞ വർഷം മുട്ടുകാട് പാടശേഖരത്തിൽ പാട്ടത്തിനെടുത്ത അരയേക്കറിലധികം സ്ഥലത്ത് ജിജോ സൂര്യകാന്തി കൃഷി ചെയ്തിരുന്നു. മൂന്നാറിനോടു ചേർന്നുള്ള മുട്ടുകാട്ടിലെ ഇൗ സൂര്യകാന്തിപ്പാടം കാണാൻ ആയിരക്കണക്കിനു സന്ദർശകരാണ് ഇവിടെയെത്തിയത്. ഇതിൽ നിന്നു പ്രചോദനമുൾക്കാെണ്ടാണ് ജിജോ ഇൗ വർഷം സ്വന്തം കൃഷിയിടത്തിൽ സൂര്യകാന്തി കൃഷി ചെയ്തത്.തമിഴ്നാട്ടിൽ നിന്നു കിലോഗ്രാമിന് 1500 രൂപ നിരക്കിലാണ് വിത്ത് വാങ്ങിയത്. ഹൈബ്രിഡ് ഇനത്തിലുള്ള വിത്തായതിനാൽ പുനർകൃഷി ചെയ്യാൻ വിത്ത് ലഭിക്കില്ല.
എണ്ണയുണ്ടാക്കാനും അരുമ പക്ഷികൾക്കുള്ള തീറ്റയ്ക്കും മാത്രമാണ് സൂര്യകാന്തി വിത്തുകൾ ഉപയോഗിക്കാൻ കഴിയുക. ബൈസൺവാലിയിൽ റോഡരികിൽ ഭൂമിയുള്ളവർക്കു സൗജന്യനിരക്കിൽ സൂര്യകാന്തി വിത്തുകൾ നൽകാൻ തയാറാണെന്ന് ജിജോ പറഞ്ഞു. കാർഷിക മേഖല പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ ടൂറിസം സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തി കർഷകർക്കു വരുമാനം ലഭ്യമാക്കുകയെന്ന ലക്ഷ്യമാണ് ജിജോയ്ക്കുള്ളത്.കൃഷി ചെലവുകൾ ഇരട്ടിയായതിനാൽ നിലവിൽ സൂര്യകാന്തിപ്പാടം കാണാനെത്തുന്നവരിൽ നിന്ന് 20 രൂപ വീതം ഫീസ് ഇൗടാക്കുന്നുണ്ട്. കഴിഞ്ഞ വർഷം സൗജന്യമായാണ് മുട്ടുകാട്ടിലെ തന്റെ സൂര്യകാന്തിപ്പാടം കാണാൻ സന്ദർശകരെ അനുവദിച്ചിരുന്നത്. ഇതു കൂടാതെ മുട്ടുകാട്ടിൽ 2 ഏക്കറിലധികം സ്ഥലം പാട്ടത്തിനെടുത്ത് ജിജോ നെൽക്കൃഷിയും ചെയ്യുന്നുണ്ട്.